പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ച; എഎപിയുടെ ഡൽഹി ആസ്ഥാനത്ത് ബിജെപി പ്രതിഷേധം

ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്രയുടെ നേതൃത്വത്തിലാണ് എംപിമാരും മുതിർന്ന നേതാക്കളും അണിനിരന്ന പ്രതിഷേധം വ്യാഴാഴ്ച രാവിലെ അരങ്ങേറിയത്
BJP workers protesting at the AAP's Delhi headquarters.

എഎപിയുടെ ഡൽഹി ആസ്ഥാനത്ത് പ്രതിഷേധം നടത്തുന്ന ബിജെപി പ്രവർത്തകർ

Updated on

ന്യൂഡൽഹി: പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിഷേധം നടത്തി ബിജെപി. പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) ഡൽഹിയിലെ ആസ്ഥാനത്താണ് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്രയുടെ നേതൃത്വത്തിലാണ് എംപിമാരും മുതിർന്ന നേതാക്കളും അണിനിരന്ന പ്രതിഷേധം വ്യാഴാഴ്ച രാവിലെ അരങ്ങേറിയത്.

പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ എഎപി ഓഫീസിന് മുൻപിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഡൽഹിയിലെ ജന്തർ മന്ദറിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരേ നടന്ന സമരത്തിൽ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം എഎപിയും പങ്കെടുത്തിരുന്നു. ഇപ്പോൾ സമാന വിഷയത്തിൽ എഎപിക്കെതിരേ പ്രതിഷേധം ഉയരുന്ന കാഴ്ചയാണ്.

പഞ്ചാബിൽ ഭഗവന്ത് മാൻ സർക്കാരിന് കീഴിൽ നിരവധി ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായെന്നാണ് ബിജെപി ആരോപിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച വിഷയം പരിഹരിക്കുന്നതിൽ എഎപി സർക്കാർ പരാജയപ്പെട്ടെന്നും വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും പഞ്ചാബ് ബിജെപി അധ്യക്ഷൻ കേവൽ സിങ് ധില്ലോണും ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബയ്ൻസ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാർ പാർലമെന്‍റ് പരിസരത്ത് ചൊവ്വാഴ്ച പ്രതിഷേധം നടത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ എഎപിക്കെതിരേ ശിരോമണി അകാലി ദൾ എംപി ഹർസിമ്രത് കൗർ ബാദലും രംഗത്തുവന്നിരുന്നു. എഎപിയുടെ കാലത്ത് നടന്ന 11 ചോദ്യപേപ്പർ ചോർച്ചകളിൽ സിബിഐ അന്വേഷണം നടത്തണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com