
ജസ്ബീർ സിങ്
ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തിയ കേസിൽ ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ. പഞ്ചാബിൽ നിന്നുള്ള ജസ്ബീർ സിങ് ആണ് അറസ്റ്റിലായത്. ജാൻമഹൽ വിഡിയോ എന്നു പേരിട്ടിരിക്കുന്ന ജസ്ബീറിന്‍റെ യൂട്യൂബ് ചാനലിന് പത്തു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. പഞ്ചാബ് പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻ സെല്ലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാക്കിസ്ഥാന്‍റെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് ഓഫിസർ ജട്ട് രന്ധാവ എന്നറിയപ്പെടുന്ന ഷകീറുമായി ജസ്ബീർ ബന്ധപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭീകരർ പിന്തുണ നൽകുന്ന ചാരശൃംഖലയുടെ ഭാഗമാണ് ഷക്കീറെന്ന് ഡിജിപി ഗൗരവ് യാദവ് പറയുന്നു.
ജസ്ബീറിന്‍റെ മൊബൈലിൽ നിന്ന് നിരവധി പാക്കിസ്ഥാനി ഫോൺനമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്. മൂന്നു തവണയാണ് ജസ്ബീർ പാക്കിസ്ഥാൻ സന്ദർശിച്ചിരിക്കുന്നത്. ഡൽഹിയിലെ പാക്കിസ്ഥാനി എംബസിയിൽ നടന്ന പാക്കിസ്ഥാന്‍റെ നാഷണൽ ഡേ ആഘോഷത്തിലും ജസ്ബീർ പങ്കെടുത്തിട്ടുണ്ട്.
മേയ് 15നാണ് സമാനമായ കേസിൽ ഹരിയാനയിൽ നിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അറസ്റ്റിനു പിന്നാലെ പുറത്തു വന്നത്. ജ്യോതി മൽഹോത്രയുമായി ജസ്ബീറിനു അടുത്ത ബന്ധമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ജ്യോതിയുടെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണിൽ നിന്ന് പാക്കിസ്ഥാൻ പൗരന്മാരുടെ നമ്പറുകൾ ജസ്ബീർ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അവരുമായുള്ള ആശയവിനിമയവും കുറച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ജസ്ബീറിന്‍റെ ഫോൺ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു.