

രാഹുൽ ഗാന്ധി
ഹൽദ്വാനി: ജാതീയ പരാമർശം നടത്തി സമുദായങ്ങൾ തമ്മിൽ വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുത്തതിനു പിന്നാലെ ശുദ്ധീകരണം നടത്തിയെന്ന ആരോപണത്തിന്മേലാണ് കേസ്. ഹൽദ്വാനിയിലെ വാൽമീകി സമുദായാംഗം അമിത് കുമാറിന്‍റെ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിക്കൊണ്ട് രണ്ടു സംഘങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി പട്ടികജാതി പട്ടികവർഗ (പീഡന നിരോധനം) നിയമം പ്രകാരമാണ് കേസ് .
ഹൽദ്വാനിയിൽ ശുദ്ധീകരണം നടത്തിയപ്പോൾ താനവിടെ ഉണ്ടായിരുന്നുവെന്നും തികച്ചും മതപരമായ അനുഷ്ഠാനങ്ങളാണ് അവിടെ നടന്നതെന്നുമാണ് പരാതിക്കാരൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ ഖാർഗെ പോയതിനു പിന്നാലെ ശുദ്ധീകരണം നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം സമുദായത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ആചാരങ്ങൾ ചെയ്തതിന്‍റെ പേരിൽ അയിത്തവും ദളിത് വിരുദ്ധതയും ഉണ്ടായിരുന്നുവെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചതെന്നും പരാതിയിലുണ്ട്.
ഓഗസ്റ്റ് 8ന് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ ചിലർ ശുദ്ധീകരണം നടത്തതുമായി ബന്ധപ്പെട്ടാണ് വിവാദം പടരുന്നത്. ശുദ്ധീകരണം നടത്തിയവർക്കെതിരേ പട്ടികജാതി പട്ടികവർഗ നിയമം പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.