
ജോലിക്ക് ഭൂമി അഴിമതിക്കേസ്: ഇഡിക്കു മുന്നിൽ ഹാജരായി റാബ്‌റി ദേവി, ലാലു പ്രസാദിനും തേജ് പ്രതാപിനും സമൻസ്
പറ്റ്ന: ജോലിക്കു ഭൂമി അഴിമതിക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനു മുന്നിൽ ഹാജരായി ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി പ്രസിഡന്‍റ് ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയുമായി റാബ്‌റി ദേവി. കേസിൽ ലാലു പ്രസാദ് യാദവ് മകൻ തേജ് പ്രതാപ് യാദവ് എന്നിവർക്ക് ഇഡി സമൻസ് അയച്ചിട്ടുണ്ട്.
മകൾ മിസ ഭാരതിക്കൊപ്പമാണ് റാബ്‌റി ദേവി ഇഡി ഓഫിസിൽ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് ഇഡി മുൻപും റാബ്റി ദേവി അടക്കമുള്ളവരെ ചോദ്യം ചെയ്തിട്ടുണ്ട്. യുപിഎ ഒന്നാം സർക്കാരിന്‍റെ കാലത്ത് റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭൂമി സ്വന്തമാക്കിയെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്.
ലാലുവിന് കൈക്കൂലിയായി ഭൂമി എഴുതി നൽകിയെന്നാണ് സിബിഐ അന്വേഷണത്തിൽ ഉദ്യോഗാർഥികൾ നൽകിയ മൊഴി.