

രാഹുൽ ഗാന്ധിക്കൊപ്പം അങ്കിത ഭണ്ഡാരിയുടെ കുടുംബം
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ 2022ൽ കൊല്ലപ്പെട്ട 19കാരി അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ പൊലീസ് പുലർച്ചെ നാലു മണിക്ക് കസ്റ്റഡിയിലെടുത്തെന്നും അവരെ ഇതിലൂടെ നിശബ്ദരാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
ബിജെപി നേതാവും അങ്കിത ഭണ്ഡാരി കൊലക്കേസിലെ ആരോപണവിധേയനുമായ ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരേ ഇന്ത്യാഗേറ്റിൽ പ്രതിഷേധിക്കുകയായിരുന്നു അവർ. ഇരകളുടെ ശബ്ദത്തെ അടിച്ചമർത്തുകയാണെന്നും ചോദ്യങ്ങൾ ചോദിക്കുന്നവരെ നീക്കം ചെയ്യുകയാണെന്നും ഇതാണ് മോദി സർക്കാരിന്റെ മുഖമുദ്രയെന്നും രാഹുൽ എക്സിൽ കുറിച്ചു. നീതിക്കു വേണ്ടിയുള്ള പോരാട്ടം നിശബ്ദമാക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിബിഐ അന്വേഷണം പൂർത്തിയാകുന്നതു വരെ ദുഷ്യന്ത് കുമാറിനെ ഗവർണറായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികൾ പ്രതിഷേധിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ അങ്കിത ഭണ്ഡാരി കൊലക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ദുഷ്യന്ത് കുമാർ പറയുന്നത്.
സംഭവത്തിൽ ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ദുഷ്യന്ത് ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ഇതേത്തുടർന്ന് കേസുമായി ദുഷ്യന്തിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ കോൺഗ്രസിനോടും ആം ആദ്മി പാർട്ടിയോടും കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള വനാന്ത്ര റിസോർട്ടിൽ ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരിയെ 2022 സെപ്റ്റംബർ 18നാണ് കാണാതാകുന്നത്.
പിന്നീട് ദിവസങ്ങൾക്കു ശേഷം കനാലിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ വലിയ പ്രതിഷേധത്തിന് കാരണമായ സംഭവമായിരുന്നു ഇത്. റിസോർട്ട് ഉടമ പുൽകിത് ആര്യ അടക്കം മൂന്ന് പേരെ കേസിൽ ജീവപര്യന്തത്തിന് ശിക്ഷിച്ചു. പിന്നീട് കേസുമായി ഒരു വിഐപിക്ക് ബന്ധമുണ്ടെന്ന് കുടുംബം ആരോപണം ഉന്നയിക്കുകയായിരുന്നു. മുൻ ബിജെപി എംഎൽഎ ഊർമിള സനവാർ ഡിസംബറിൽ പുറത്തുവിട്ട ഒരു വിഡിയോയ്ക്ക് പിന്നാലെയാണ് ഈ ആവശ്യം ശക്തമായത്.
ഗട്ടു എന്ന് വിളിപ്പേരുള്ള വ്യക്തിയാണ് വിഐപിയെന്നും ഇത് ദുഷ്യന്ത് കുമാറാണെന്നും അവകാശപ്പെടുന്നതായിരുന്നു വിഡിയോ. പ്രതിഷേധങ്ങൾക്കൊടുവിൽ 2026 ജനുവരി 9ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. തുടർന്ന് സിബിഐ ഫെബ്രുവരി നാലിന് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടും എഫ്ഐആറും മറ്റ് രേഖകളും ഏറ്റെടുക്കുകയും തിരിച്ചറിയാത്ത വിഐപിക്കെതിരേ കേസെടുക്കുകയും ചെയ്തു. എന്നാൽ സിബിഐ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ദുഷ്യന്ത് കുമാറിനെ ഗവർണറായി നിയമനം നൽകിയത്.