
മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും
ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും. എന്തു കൊണ്ടാണ് പരിപാടിയിൽ നിന്ന് വിട്ടു നിന്നതെന്നതിൽ ഇരു നേതാക്കളും ഔദ്യോഗികമായ പ്രസ്താവനകളൊന്നും പുറത്തു വിട്ടിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഇരിപ്പിടവുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങളാണ് കാരണമെന്ന അഭ്യൂഹം ശക്തമാണ്. അതേ സമയം ഇരു നേതാക്കളും സമൂഹമാധ്യമങ്ങളിലൂടെ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നിട്ടുണ്ട്. കോൺഗ്രസ് പാർട്ടി ആസ്ഥാനത്തു നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഖാർഗെയും ഇന്ദിരാ ഭവനിൽ നടത്തിയെ പരിപാടിയിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല ഈ വിഷയത്തിൽ രാഹുലിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. പാക്കിസ്ഥാനോട് സ്നേഹമുള്ള രാഹുൽ ഗാന്ധി മോദി വിരോധം മനസിൽ വച്ച് ദേശ വിരോധമാണ് പ്രവർത്തിച്ചിരിക്കുന്നതെന്നും വളരെ മോശം പെരുമാറ്റമാണിതെന്നും പൂനവാല എക്സിൽ കുറിച്ചു.
കഴിഞ്ഞ വർഷം ചെങ്കോട്ടയിൽ നടന്ന പരിപാടിയിൽ അന്ന് കാബിനറ്റ് മന്ത്രിയുടെ പദവി ലഭിച്ചിരുന്ന രാഹുൽ ഗാന്ധിക്ക് ഏറ്റവും പുറകിൽ നിന്നുള്ള രണ്ടാമത്തെ വരിയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. പരമ്പരാഗതമായി പിന്തുടർന്നു വരുന്ന പ്രോട്ടോക്കോളിന് എതിരായാണ് രാഹുലിനെ ഏറ്റവും പുറകിൽ ഇരുത്തിയത്. രാഹുൽ ഗാന്ധിക്ക് പുറകിൽ ഇരിപ്പിടം നൽകിയത് ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ഒളിമ്പിക്സിലെ വിജയികളെ ഉൾപ്പെടുത്തേണ്ടി വന്നതിനാലാണ് അത്തരമൊരു പ്രശ്നം സംഭവിച്ചതെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം.
പ്രോട്ടോക്കോൾ പ്രകാരം ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മുൻ നിരയിലാണ് പ്രതിപക്ഷനേതാവിന് ഇരിപ്പിടം ഒരുക്കാറുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ആ സ്ഥാനത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, ശിവ്‌രാജ് സിങ് ചൗഹാൻ, അമിത് ഷാ, എസ്.ജയശങ്കർ എന്നിവരാണ് ഇരുന്നിരുന്നത്. ഒളിമ്പിക്സ് വിജയം നേടിയവരുടെയെല്ലാം പുറകിലായിരുന്നു അന്ന് രാഹുലിന് ഇരിപ്പിടം ഒരുക്കിയിരുന്നത്.