ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധർ: രാഹുൽ ഗാന്ധി

ഇന്ത്യൻ ആത്മീയ, മത പാരമ്പര്യങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്തോറും കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്
rahul gandhi slams bjp and rss

രാഹുൽ ഗാന്ധി

file image

Updated on: 

ന്യൂഡൽഹി: ബിജെപിയും ആർഎസ്എസും സംസ്കാരശൂന്യരും അത്യാഗ്രഹികളും ജാതിവാദികളും സ്ത്രീവിരുദ്ധരുമാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് ഇവർക്ക് ഒരു ധാരണയുമില്ലെന്നും എലിഫെന്‍റാ ഗുഹകളിലെ അർധനാരീശ്വര ശിൽപ്പത്തിന്‍റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് രാഹുൽ ആരോപിച്ചു.

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് "ബിലോംഗിങ്: എ ജേണി ഒഫ് ലവ്' എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിൽ, ഭക്ഷണം കഴിക്കുമ്പോൾ "അമ്മ അച്ഛന്‍റെ മടിയിലാണ് ഇരുന്നിരുന്നത്' എന്ന രാഹുലിന്‍റെ പരാമർശം സമൂഹമാധ്യമങ്ങളിലടക്കം വിമർശനങ്ങൾക്കും പരിഹാസത്തിനും ഇടയാക്കിയിരുന്നു. ഇതിനോടാണു രാഹുലിന്‍റെ പ്രതികരണം.

ഇന്ത്യൻ ആത്മീയ, മത പാരമ്പര്യങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്തോറും കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. ഭയവും ദേഷ്യവും വിദ്വേഷവും ബിജെപി-ആർഎസ്എസ് അനുഭാവികളുടെ ഹൃദയങ്ങളിൽ ഒരു വല നെയ്തിരിക്കുകയാണ്. ഇത് സ്നേഹം പ്രകടിപ്പിക്കുന്നതിൽ നിന്ന് അവരെ തടയുന്നു- രാഹുൽ പറഞ്ഞു.

പാർവതി ദേവി പരമശിവന്‍റെ മടിയിലിരിക്കുന്ന 12ാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രശിൽപ്പത്തിന്‍റെ ചിത്രം പങ്കുവച്ച രാഹുൽ കഴിഞ്ഞയാഴ്ചയും സമാന വിമർശനം ഉന്നയിച്ചിരുന്നു. യഥാർഥ ഹിന്ദു എന്ന നിലയിൽ അവരെ ഈ വിദ്വേഷത്തിന്‍റെ വലയിൽ നിന്ന് മോചിപ്പിക്കേണ്ടത് തന്‍റെ കടമയാണെന്നും, എങ്കിലേ അവർക്ക് സ്നേഹത്തിന്‍റെ സൗന്ദര്യം അനുഭവിക്കാൻ കഴിയൂവെന്നും "സത്യം ശിവം സുന്ദരം' എന്ന് കുറിച്ച രാഹുൽ അവകാശപ്പെട്ടിരുന്നു.

രാഹുൽ വിദേശത്തു പോകുന്നത് ഇന്ത്യയെ അപമാനിക്കാൻ: നിതിൻ നബീൻ

ചണ്ഡീഗഡ്: വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും ഇന്ത്യയുടെ പുരോഗതിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവിന് അസ്വസ്ഥതയാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ഒരുകാലത്ത് ലോകത്തിലെ അഞ്ചു ദുർബല സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിലായിരുന്നു ഇന്ത്യ. എന്നാൽ ഇന്നു ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ വളർന്നിരിക്കുന്നു. ഈ മണ്ണിനെ അപമാനിക്കാൻ വേണ്ടി മാത്രമാണു കോൺഗ്രസ് നേതാക്കൾ വിദേശത്തേക്കു പോകുന്നത്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്ന് അവർ പ്രചരിപ്പിക്കുന്നു. മോദി സർക്കാരിന്‍റെ നേതൃത്വത്തിൽ ഏകദേശം 50 കോടി ഇന്ത്യൻ കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി സ്വയംപര്യാപ്തരാക്കിയെന്ന് ലോകബാങ്ക് പോലും സമ്മതിക്കുന്നുണ്ട്. ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്കുംഅന്താരാഷ്ട്ര നാണയ നിധിയും ഇന്ത്യയുടെ വളർച്ചാ നിരക്കിനെ പ്രശംസിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.