

5 മുതൽ 15 രൂപ വരെ കൂട്ടി; റെയിൽവേ സ്റ്റേഷൻ കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷണ വില വർധിപ്പിച്ചു
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചു. 5 മുതൽ 15 രൂപ വരെയാണ് വില വർധനവ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട, പരിപ്പുവട , ഉരുളക്കിഴങ് ബോണ്ട, സമൂസ എന്നിവ രണ്ടെണ്ണം വീതമുള്ള പ്ലേറ്റിനും മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്കും 30 രൂപ വീതമാണ്.
വെജ് കട്‌ലറ്റിന് (2 എണ്ണം) മുൻപ് 40 രൂപയായിരുന്നത് ഇപ്പോൾ 50 രൂപയാക്കി. ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി. മീൻകറി ഊണിന് 95 ൽ നിന്ന് 110 രൂപയിലെത്തി. ചിക്കൻ കറി–95, ചിക്കൻ ഫ്രൈഡ് റൈസ്–105, എഗ് ഫ്രൈഡ് റൈസ്–80, വെജ് ഫ്രൈഡ് റൈസ്–65 എന്നിങ്ങനെയാണ് വിലകൾ. എന്നാൽ ചപ്പാത്തി (5 രൂപ), പൊറോട്ട (10 രൂപ) പഴം പൊരി (20 രൂപ) എന്നിവയുടെ വിലയിൽ മാറ്റമില്ല.