
ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ
ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ ഘടിപ്പിക്കുമെന്ന് റെയിൽവേ. റെയിൽവേ മന്തിരി അശ്വിനി വൈഷ്ണവ് പദ്ധതിക്ക് അനുമതി നൽകി. എല്ലാ ട്രെയിനുകളിലെയും എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കാനാണ് നീക്കം. നോർത്തേൺ റെയിൽവേയിൽ പരീക്ഷണാർഥത്തിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതു വൻ വിജയമായിരുന്നു. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച എൻജിനുകളിലെയും കോച്ചുകളിലെയും സിസിടിവി ക്യാമറകളുടെ പ്രവർത്തനം വിലയിരുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് രാജ്യമെങ്ങും പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഒരു കോച്ചിൽ നാലും ഒരു എൻജിനിൽ ആറും വീതം ക്യാമറകൾ ഘടിപ്പിക്കും. വെളിച്ചമില്ലെങ്കിലും, 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോഴും പ്രവർത്തിക്കുന്ന 360 ഡിഗ്രി ക്യാമറകൾ വാതിലുകൾക്ക് അടുത്തും പൊതു സ്ഥലങ്ങളിലുമായിരിക്കും ഘടിപ്പിക്കുക. യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും റെയിൽവേ പറയുന്നു.
രാജ്യത്തങ്ങോളമിങ്ങോളം 74,000 കോച്ചുകളിലും 15,000 എൻജിനുകളിലും ക്യാമറ ഘടിപ്പിക്കും. സിസിടിവിയിൽ നിന്നുള്ള ദൃശ്യൾ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.