

പാക് ആണവായുധ ശേഖരം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ കീഴിലാക്കണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍റെ ആണവായുധ ശേഖരം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐഎഇഎ) മേല്‍നോട്ടത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ആഗോള ആണവ നിരീക്ഷണ ഏജന്‍സിയാണ് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎഇഎ.
ഉത്തരവാദിത്തമില്ലാത്തതും, തെമ്മാടിയുമായ പാക്കിസ്ഥാനെ പോലുള്ള ഒരു രാജ്യത്തിന്‍റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് തനിക്ക് ലോകരാജ്യങ്ങളോട് ചോദിക്കാനുള്ളതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാന്‍റെ ആണവായുധങ്ങള്‍ക്കു ഐഎഇഎയുടെ മേല്‍നോട്ടം വേണമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ബദാമി ബാഗ് കന്റോണ്‍മെന്‍റില്‍ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
നിയന്ത്രണ രേഖയിലും (എല്‍ഒസി) അന്താരാഷ്ട്ര അതിര്‍ത്തിയിലും മൊത്തത്തിലുള്ള സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് രാജ്‌നാഥ് സിങ് ജമ്മു കശ്മീരില്‍ നിര്‍ണായക സന്ദര്‍ശനം ആരംഭിച്ചത്. ഓപ്പറേഷന്‍ സിന്ദൂരിനു ശേഷം ജമ്മു കശ്മീരിലേക്കുള്ള അദ്ദേഹത്തിന്‍റെ ആദ്യ യാത്രയാണിത്.
ഇന്ത്യ ഒരിക്കലും യുദ്ധം ആഗ്രഹിക്കുകയോ സന്നദ്ധത പ്രകടിപ്പിക്കുകയോ ചെയ്തില്ല. എന്നാല്‍ നമ്മുടെ പരമാധികാരം ആക്രമിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കും. തീവ്രവാദത്തിനെതിരേ ഇന്ത്യ സ്വീകരിച്ച ഏറ്റവും വലിയ നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള സുരക്ഷാ സാഹചര്യത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പ്രതിരോധ മന്ത്രിക്കു വിശദീകരിച്ചു കൊടുത്തു.
പാക്കിസ്ഥാനിലെ ആണവ വികിരണ ചോര്‍ച്ച ഉണ്ടായിട്ടില്ല: ഐഎഇഎ
പാക്കിസ്ഥാനില്‍ ആണവ വികിരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐഎഇഎ)അറിയിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തില്‍ സര്‍ഗോദ ജില്ലയിലുള്ള കിരാന ഹില്‍സിലെ ആണവ കേന്ദ്രം തകര്‍ന്നുവെന്നും ആണവ വികിരണ ചോര്‍ച്ച ഉണ്ടായെന്നുമുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണു വിശദീകരണവുമായി ഐഎഇഎ രംഗത്തുവന്നത്.
നേരത്തേ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ആണവ വികിരണ ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു.
പ്രതികരിച്ച് പാക്കിസ്ഥാന്‍
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള തികഞ്ഞ അജ്ഞതയുടെ പ്രതിഫലനമാണ് രാജ്‌നാഥ് സിങ്ങിന്‍റെ പ്രസ്താവനയെന്ന് പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. രാജ്‌നാഥ് സിങ്ങിന്‍റെ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.