

'ഹൃദയത്തിൽ ഇടമില്ലാത്തതുകൊണ്ടാണ് തെലങ്കാനയെ ഒഴിവാക്കിയത്'; സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരേ കെ.ടി. രാമറാവു
ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ് എന്ന പുസ്തകം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പുസ്തകത്തിൽ തെലങ്കാനയെ പറ്റി യാതൊരു പരാമർശവുമില്ലെന്ന് ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിആർഎസ് വർക്കിങ് പ്രസിഡന്‍റ് കെ.ടി. രാമറാവു.
തെലങ്കാനയെ ഒഴിവാക്കിയത് ആ സംസ്ഥാനത്തിന് അവരുടെ ഹൃദയത്തിൽ ഇടമില്ലാത്തതുകൊണ്ടാണെന്നും തെലങ്കാന എന്ന വാക്ക് പോലുമില്ലാത്തത് അവർക്കോ കോൺഗ്രസിനോ സംസ്ഥാനത്തോട് ആത്മാർഥമായ സ്നേഹമില്ലാത്തതിന്‍റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലങ്കാന എന്ന സംസ്ഥാനത്തിന്‍റെ രൂപീകരണം സോണിയാ ഗാന്ധിയുടെ ഔദാര‍്യമല്ലെന്നു പറഞ്ഞ രാമറാവു അത് തെലങ്കാനയിലെ ജനങ്ങളുടെ പോരാട്ടത്തിന്‍റെയും ബിആർഎസ് അധ‍്യക്ഷൻ കെ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിന്‍റെ ഫലമാണെന്ന് കൂട്ടിച്ചേർത്തു.