
രന്യ റാവു
ബംഗളൂരു: കന്നഡ താരം രന്യ റാവുപ്രതിയായ സ്വർണക്കള്ളക്കടത്ത് കേസിൽ പ്രമുഖ രാഷ്ട്രീയ നേതാവും കുടുങ്ങിയേക്കും. ദുബായിൽ നിന്നെത്തിയ രന്യയുടെ ബെൽറ്റിൽ ഒളിപ്പിച്ച 14 കിലോ ഗ്രാം വരുന്ന സ്വർണം ഡയറക്റ്ററേറ്റ് ഒഫ് റവന്യു ഇന്‍റലിജൻസ് പിടി കൂടിയിരുന്നു. കേസിൽ അന്വേഷണം വ്യാപിപ്പിക്കവേയാണ് പ്രമുഖ രാഷ്ട്രീയ നേതാവും റാക്കറ്റിൽ അംഗമാണെന്ന സൂചനകൾ പുറത്തു വന്നിരിക്കുന്നത്. ഒരു കിലോഗ്രാം സ്വർണം കടത്താൻ ഒരു ലക്ഷം രൂപ വരെയാണ് ലഭിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതു പ്രകാരം ഓരോ യാത്രയിലും 14 ലക്ഷം രൂപ വരെ നടി സ്വന്തമാക്കിയിരുന്നു. ഈ വർഷം മാത്രം 30 തവണയാണ് താരം ദുബായ് യാത്ര നടത്തിയത്.
വിമാനത്താവളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ വേട്ടയാണ് കഴിഞ്ഞ ദിവസം ഡിആർഐ നടത്തിയത്. തൊട്ടു പുറകേ രന്യയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 2.1 കോടി രൂപയുടെ ആഭരണങ്ങളും 2.7 കോടി രൂപയും പിടികൂടി. മൊത്തം 17.3 കോടി രൂപയുടെ സ്വർണമാണ് ആകെ രന്യയുടെ കൈയിൽ നിന്ന് പിടികൂടിയത്.
പ്രാഥമിക അന്വേഷണത്തിൽ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ നിർദേശപ്രകാരമാണ് ഈ സ്വർണാഭരണങ്ങളെല്ലാം രന്യ വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കർണാടക ഡിജിപി രാമചന്ദ്ര റാവുവിന്‍റെ രണ്ടാം ഭാര്യയുടെ മകളാണ് രന്യ. മകൾ കുറച്ചു കാലമായി ഭർത്താവിനൊപ്പം മാറിയാണ് താമസിക്കുന്നതെന്നും ചില കുടുംബപ്രശ്നങ്ങൾ കാരണം അകൽച്ചയിലായിരുന്നുവെന്നുമാണ് രാമചന്ദ്ര റാവു പ്രതികരിച്ചിരിക്കുന്നത്.