പശ്ചിമ ബംഗാളിൽ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു

പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് 23കാരനായ പ്രതി കൊല്ലപ്പെട്ടതെന്ന് ഉന്നത പൊലീസ് ഉദ‍്യോഗസ്ഥ വ‍്യക്തമാക്കി
Rape-murder accused killed in 'police encounter' in west bengal

പശ്ചിമ ബംഗാളിൽ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു

പ്രതീകാത്മക ചിത്രം- എഐ

Updated on: 

കോൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് 23കാരനായ പ്രതി കൊല്ലപ്പെട്ടതെന്ന് ഉന്നത പൊലീസ് ഉദ‍്യോഗസ്ഥ വ‍്യക്തമാക്കി.

തിങ്കളാഴ്ച രാത്രിയോടെയാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. തെളിവെടുപ്പിനായി പ്രതിയെ ഗായ്ഘട്ടിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് പ്രതി പൊലീസ് ഉദ‍്യോഗസ്ഥന്‍റെ കൈയിലുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കുകയായിരുന്നു.

ഇതേത്തുടർന്ന് പൊലീസ് തിരിച്ച് വെടിയുതിർത്തതോടെയാണ് 23കാരൻ കൊല്ലപ്പെട്ടതെന്ന് പൊലീസ് വ‍്യക്തമാക്കി. ഇതിനു പിന്നാലെ ഇയാളെ ചന്ദ്പാറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പ്രതി പൊലീസിന്‍റെ കൈയിൽ നിന്നും തോക്ക് തട്ടിയെടുത്തതും വെടിവയ്പ്പിലേക്ക് നയിച്ച സംഭവവും പരിശോധിക്കും.

പ്രതി വെടിയുതിർത്തെങ്കിലും പൊലീസുകാർക്ക് പരുക്കേറ്റിരുന്നില്ല. ശനിയാഴ്ച രാത്രി വീടിനടുത്ത് ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു പ്ലസ് വൺ വിദ‍്യാർഥിനിയായ പെൺകുട്ടി. ഫോൺ കോൾ വന്നതിനു പിന്നാലെ പെൺകുട്ടി പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും പോയതായും അന്ന് വീട്ടിലേക്ക് തിരിച്ചു വന്നില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പൊലീസിൽ നിന്നും തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ബലാത്സംഗക്കേസ് പ്രതി വെടിയേറ്റ് കൊല്ലപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com