

അവൾ അനുഭവിച്ച വേദനയും അപമാനവും ചെറുതല്ല; ഗർഭം അതിജീവിതയുടെ മേൽ അടിച്ചേൽപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി
Representative Image
ന്യൂഡൽഹി: ബലാത്സംഗത്തിരയായ അതിജീവിതമാർക്ക് 20 ആഴ്ചയ്ക്ക് ശേഷവും ഗർഭഛിദ്രത്തിന് അനുമതി നൽകാനായി നിലവിലെ നിയമത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. 15 കാരിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടാണ് കോടതി ഇത്തരമൊരു സുപ്രധധാന നിരീക്ഷണം നടത്തിയത്.
ഇത്തരം സന്ദർഭങ്ങളിൽ ഗർഭഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുതെന്നും കാലം മറുന്നതിനനുസരിച്ച് നിയമം മാറ്റണമെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ മാനസികവും ശാരീരികവുമായ ആഘാതം പരിഗണിക്കുമ്പോൾ ഗർഭം തുടരാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ ഈ ഘട്ടത്തിൽ ഭ്രൂണത്തെ നീക്കം ചെയ്യുന്നത് അമ്മയ്ക്ക് വൈകല്യമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നു കാണിച്ച് എയിംസ് ഈ താരുമാനത്തെ എതിർത്തു. എന്നാൽ ഗർഭം അതിജീവിതയുടെ മേൽ അടിച്ചേൽപ്പിക്കാനാവില്ലെന്ന് പറഞ്ഞ കോടതി ആരോഗ്യ വിദഗ്ധർ ഇവരെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അവൾ നേരിട്ട ആഘാതത്തിനൊപ്പം ഗർഭം തുടരാനും നിർബന്ധിക്കുന്നത് അവളെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസികാഘാതത്തിലേക്ക് നയിച്ചേക്കാം. അവൾ ഒരു കുട്ടിയാണ്. അവൾ ഇപ്പോൾ പഠിക്കേണ്ടവളാണ്. എന്നാൽ, നമ്മൾ അവളെ ഒരു അമ്മയാകാൻ പ്രേരിപ്പിക്കുന്നു. ആ കുട്ടി അനുഭവിച്ച വേദനയും അപമാനവും സങ്കൽപ്പിക്കാനാവുന്നതല്ല. ഇത് ഒരു അനാവശ്യ ഗർഭധാരണമാണ്. കോടതി നിരീക്ഷിച്ചു.