

മുഖ്യമന്ത്രി വിജയ്
ചെന്നൈ: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ" പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഡൽഹിയിലെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലാണ് വിജയ് ഡൽഹിയിലേക്ക് പുറപ്പെടുക. തുടർന്ന് പരിപാടിക്ക് ശേഷം അർധരാത്രിയോടെ ചെന്നൈയിൽ തിരിച്ചെത്തും.
ഡൽഹിയിൽ മറ്റ് പരിപാടികളൊന്നും വിജയ് നിശ്ചയിച്ചിട്ടില്ല. ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികൾക്ക് മാത്രമാണ് പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
അതേസമയമം മേക്കെദാട്ടു വിഷയത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശത്തെക്കുറിച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെ ഡൽഹി സന്ദർശന വേളയിൽ വിജയ് അറിയിക്കണമെന്ന് എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടു. കാവേരി വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ കോൺഗ്രസ് പാർട്ടി നേതൃത്വത്തിനുമേൽ വിജയ് സമ്മർദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.