'റെന്‍റ് ബോയ്ഫ്രണ്ട്' ഓഫർ; യുവതികൾക്ക് ഹൈദരാബാദ് പൊലീസ് കമ്മിഷണറുടെ മുന്നറിയിപ്പ്

പെൺകുട്ടികളെയും യുവതികളെയും ലക്ഷ്യമിട്ടുള്ള പുതിയ തരത്തിലുള്ള 'ഡേറ്റിങ് ട്രാപ്പ്' ആണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി
'Rent-a-boyfriend' offer: Police warning to young women

'റെന്‍റ് ബോയ്ഫ്രണ്ട്' ഓഫർ; യുവതികൾക്ക് പൊലീസിന്‍റെ മുന്നറിയിപ്പ്

Updated on

ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന 'റെന്‍റ് ബോയ്ഫ്രണ്ട്' സേവനങ്ങൾക്കെതിരേ യുവതികൾക്ക് ഹൈദരാബാദ് പൊലീസ് കമ്മിഷണർ വി.സി. സജ്ജനാർ മുന്നറിയിപ്പ് നൽകി. രഹസ്യാത്മകവും പ്രൊഫഷണലുമായ സൗഹൃദവും കൂട്ടായ്മയും വാഗ്ദാനം ചെയ്യുന്ന ഇത്തരം 'റെന്‍റ് ബോയ്ഫ്രണ്ട്' ഓഫറുകൾ സൈബർ കുറ്റവാളികൾ നടത്തുന്ന തട്ടിപ്പിന്‍റെയും പിന്നീട് ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിന്‍റെയും ഭാഗമായിരിക്കാമെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.

കോഫി, സിനിമ, ഷോപ്പിങ് തുടങ്ങിയവയ്ക്കായി സുന്ദരന്മാരായ യുവാക്കളുടെ കൂട്ടായ്മ വാഗ്ദാനം ചെയ്താണ് സൈബർ കുറ്റവാളികൾ സ്ത്രീകളെ ആകർഷിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെയും യുവതികളെയും ലക്ഷ്യമിട്ടുള്ള പുതിയ തരത്തിലുള്ള 'ഡേറ്റിങ് ട്രാപ്പ്' ആണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇത്തരം ഓഫറുകളുടെ മാതൃകയിലുള്ള പോസ്റ്ററും സജ്ജനാർ പങ്കുവച്ചിരുന്നു. 'ഓഗസ്റ്റ് ഒന്ന് സ്പെഷ്യൽ - 50 ശതമാനം കിഴിവ്' തുടങ്ങിയ ആകർഷകമായ ഓഫറുകളിലൂടെയും സ്ത്രീകളെ വലയിലാക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഓഫറുകളിൽ ഉപയോഗിക്കുന്ന സുന്ദരന്മാരായ യുവാക്കളുടെ ചിത്രങ്ങൾ പലപ്പോഴും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ചതോ ഇന്‍റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്യൂരിറ്റി ഡെപ്പോസിറ്റ്, അഡ്വാൻസ് പേയ്മെന്‍റ്, ബുക്കിങ് സ്ഥിരീകരണം തുടങ്ങിയ പേരുകളിൽ പണം ഈടാക്കിയ ശേഷം തട്ടിപ്പുകാർ സ്ത്രീകളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഫോൺ നമ്പറുകളും വ്യക്തിഗത ചിത്രങ്ങളും കൈക്കലാക്കിയ ശേഷം തട്ടിപ്പുകാർ ബ്ലാക്ക്‌മെയിലിലേക്ക് കടന്നേക്കാമെന്നും പൊലീസ് കമ്മിഷണർ മുന്നറിയിപ്പ് നൽകി.

ഇത്തരം വഞ്ചനാപരമായ ഓഫറുകൾക്കെതിരേ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകാതിരിക്കാൻ യുവതികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും സ്മാർട്ട്ഫോൺ ഉപയോഗവും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും സജ്ജനാർ നിർദേശിച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായവർ നഗരത്തിലെ സൈബർ ക്രൈം പൊലീസിനെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com