

ജയറാം രമേശ്
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പിഎൽഎ) വിവിധയിടങ്ങളിൽ ഏറ്റുമുട്ടലുകളുണ്ടായെന്ന റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി കോൺഗ്രസ്. സംഭവത്തിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സംവിധാനങ്ങളും പുലർത്തുന്നത് 'ബധിരമായ മൗന'മാണെന്നും ചൈനയ്ക്ക് ആസൂത്രിതമായ ഇളവുകൾ നൽകുന്നത് തുടരുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) ഡയറക്റ്റർ ജനറൽ ശത്രുജീത് കപൂറിനെ ഉദ്ധരിച്ചുള്ള മാധ്യമറിപ്പോർട്ട് പങ്കുവച്ചാണ് ജയറാം രമേശിന്റെ പ്രതികരണം. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ അരുണാചലിലെ നിരവധി സ്ഥലങ്ങളിൽ ചൈനീസ് സൈന്യവുമായി മുഖാമുഖം ഏറ്റുമുട്ടലുകളുണ്ടായെന്നും സാഹചര്യം ഇപ്പോഴും തുടരുകയാണെന്നും കപൂർ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ ആരോപണങ്ങളിൽ കേന്ദ്ര സർക്കാരിന്റെയോ ബിജെപിയുടെയോ ഭാഗത്ത് നിന്ന് ഉടൻ പ്രതികരണമുണ്ടായിട്ടില്ല.
'സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ ചൈനയ്ക്കുള്ള ആസൂത്രിതമായ ഇളവുകൾ തുടരുന്നതിനിടെ, അരുണാചൽ പ്രദേശിൽ പിഎൽഎയുമായുള്ള സമീപകാല ഏറ്റുമുട്ടലുകളിൽ ഐടിബിപിയുടെ പ്രകടനത്തെ ഡയറക്റ്റർ ജനറൽ പ്രശംസിച്ചിരിക്കുകയാണ്. എന്നാൽ ഈ സംഭവങ്ങളിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സംവിധാനങ്ങളും പുലർത്തുന്നത് ബധിരമായ മൗനമാണ്',- ജയറാം രമേശ് എക്സിലെ പോസ്റ്റിൽ പറഞ്ഞു.
തക്സിങ് മേഖലയിൽ ഏറ്റുമുട്ടലുണ്ടായതിനു പിന്നാലെ കഴിഞ്ഞ മാസം അരുണാചൽ പ്രദേശിലെ വാച്ചയിലും ദമൈയിലും കോർ കമാൻഡർ തല ചർച്ചകൾ നടന്നതായും അദ്ദേഹം അവകാശപ്പെട്ടു. ലഡാക്കിലേതുപോലെ വീണ്ടും പട്രോളിങ് പോയിന്റുകൾ നഷ്ടപ്പെട്ടതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകൾ ചൈന മാറ്റിക്കൊണ്ടിരിക്കുകയാണെന്നും 60,000 മെഗാവാട്ട് ശേഷിയുള്ള അണക്കെട്ട് നിർമിക്കുകയാണെന്നും ജയറാം രമേശ് ആരോപിച്ചു. ഇത് ഇന്ത്യയുടെ പരിസ്ഥിതി സുരക്ഷയ്ക്കും ജലസുരക്ഷയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള ബന്ധവും ചൈനീസ് കടന്നുകയറ്റങ്ങളും കൈകാര്യം ചെയ്യുന്ന രീതിയെച്ചൊല്ലി കോൺഗ്രസ് നേരത്തെയും മോദി സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കേന്ദ്ര സർക്കാർ മുമ്പ് തള്ളിയിരുന്നു. സായുധസേനയുടെ മനോവീര്യം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപിയും നേരത്തേ ആരോപിച്ചിരുന്നു.