

സൂറത്ത്-ചെന്നൈ അതിവേഗപാതയിൽ വാഹനാപകടം
യാദ്ഗിർ: കർണാടകയിലെ യാദ്ഗിർ ജില്ലയിലൂടെ കടന്നുപോകുന്ന സൂറത്ത്-ചെന്നൈ അതിവേഗപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ഷാഹാപുർ താലൂക്കിലെ ഇബ്രാഹിംപൂറിന് സമീപത്താണ് സംഭവം.
യാദ്ഗിർ സ്വദേശികളായ ഗുരുരാജ് സുരേഷ് ചാവൺ (29), റെഡ്ഡി ബാഗ്ല റാത്തോഡ് (33), ഗോവിന്ദ സീതയ ചാവൺ (28), കുമാർ രാമു റാത്തോഡ് (26) എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ തുൽജാപൂറിലെ ഭവാനി ദേവി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ട സംഘം.
യാത്രയ്ക്കിടെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതോടെ അതിവേഗപാതയിൽ നിർമാണത്തിലിരുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ നഷ്ടമായി. അപകടത്തിൽ കാർ പൂർണമായി തകർന്നു. സംഭവത്തിൽ ഷാഹാപൂർ പൊലീസ് കേസെടുത്തു.