ഇന്ത്യ ഒരു രാജ്യമല്ലെന്ന് ഡിഎംകെ നേതാവ് എ. രാജ; വിവാദമായി പ്രസ്താവന

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ എഴുപത്തൊന്നാം ജന്മദിനത്തോടനുബന്ധിച്ച് കോയമ്പത്തൂരിൽ ഡിഎംകെ സംഘടിപ്പിച്ച യോഗത്തിലാണ് രാജയുടെ വിവാദ പരാമർശം.
എ. രാജ
എ. രാജ
Updated on

ചെന്നൈ: ഇന്ത്യ ഒരു രാജ്യമല്ലെന്നും തങ്ങൾ രാമന്‍റെ ശത്രുക്കളാണെന്നും ഡിഎംകെ നേതാവ് എ. രാജ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ എഴുപത്തൊന്നാം ജന്മദിനത്തോടനുബന്ധിച്ച് കോയമ്പത്തൂരിൽ ഡിഎംകെ സംഘടിപ്പിച്ച യോഗത്തിലാണ് രാജയുടെ വിവാദ പരാമർശം. രാജയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. എന്നാൽ, കോൺഗ്രസുൾപ്പെടെ പ്രതിപക്ഷത്തിന് രാജയുടെ പ്രസ്താവനയോട് കടുത്ത അമർഷമുണ്ടെന്നാണു റിപ്പോർട്ട്. പ്രസ്താവനയെ അപലപിക്കുന്നതായി കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ പറഞ്ഞു. താൻ രാമനിൽ വിശ്വസിക്കുന്നുവെന്നും അവർ.

തമിഴ്നാട്, കേരളം, ഒഡീഷ തുടങ്ങിയവയെല്ലാം വ്യത്യസ്ത ഭാഷയും സംസ്കാരവുമുള്ള രാഷ്‌ട്രങ്ങളാണ്. ഇവയൊക്കെ ഓരോ സംസ്കാരമാണ്. ഇതെല്ലാം ചേരുന്ന ഉപഭൂഖണ്ഡമാണ് ഇന്ത്യ. ബിജെപിയുടെ ജയ് ശ്രീ റാം, ഭാരത് മാതാ കീ ജയ് എന്നീ ആശയങ്ങള്‍ തമിഴ്‌നാട് ഒരിക്കലും അംഗീകരിക്കില്ലെന്നും രാജ.

രാമായണത്തിലും രാമനിലും തനിക്കൊരു വിശ്വാസവുമില്ലെന്നു പറഞ്ഞ രാജ രാമായണത്തിനെതിരേ അതിരൂക്ഷമായ പദപ്രയോഗങ്ങളും നടത്തി. സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയുടെ പേരിൽ മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ സുപ്രീം കോടതി വിമർശിച്ചതിനു പിന്നാലെയാണ് രാജയുടെ പ്രസ്താവന.

രാമനെ അപമാനിച്ചെന്നും രാജ്യത്തിന്‍റെ അഖണ്ഡത ചോദ്യം ചെയ്‌തെന്നും ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ പറഞ്ഞു. ഡിഎംകെ നേതാക്കളിൽ നിന്ന് നിരന്തരമായ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നു. ആളുകളില്‍ ശത്രുത വളര്‍ത്തുന്നതാണ് രാജ പ്രസംഗത്തിലൂടെ ചെയ്തത്. ഇന്ത്യ എന്ന ആശയത്തെ ചോദ്യം ചെയ്യുന്നതിനൊപ്പം മണിപ്പുരികളെ പ്രസംഗത്തില്‍ അവഹേളിച്ചു. രാജയുടെ പ്രസ്താവനയിൽ എന്തുകൊണ്ടാണ് കോൺഗ്രസും "ഇന്ത്യ' സഖ്യവും രാഹുൽ ഗാന്ധിയും പ്രതികരിക്കാത്തതെന്നും മാളവ്യ ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com