
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഡിഎംകെയ്ക്കുമെതിരേ "കച്ചത്തീവ് വിട്ടുകൊടുക്കൽ' ആയുധമാക്കി ബിജെപി. 19ന് തമിഴ്നാട്ടിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാമേശ്വരത്തു നിന്ന് 20 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന ദ്വീപ് ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തത് തെരഞ്ഞെടുപ്പു വിഷയമായി ബിജെപി ഉയർത്തുന്നത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ വേളാങ്കണ്ണിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ കച്ചത്തീവ് വീട്ടുകൊടുത്തതിൽ കോൺഗ്രസിനെതിരേ രംഗത്തെത്തിയിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ നിരന്തരം ശ്രീലങ്കൻ സേന പിടിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കച്ചത്തീവ് തിരികെക്കിട്ടിയാൽ മാത്രമേ ശാശ്വത പരിഹാരമുണ്ടാകൂ എന്ന് അണ്ണാമലൈ മറുപടി നൽകി. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയും ഡിഎംകെ നേതാവ് എം. കരുണാനിധി മുഖ്യമന്ത്രിയുമായിരിക്കെയാണ് കച്ചത്തീവ് വിട്ടുകൊടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അണ്ണാമലൈ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ രേഖ ഒരു ഇംഗ്ലിഷ് പത്രം പുറത്തുവിടുകയും ചെയ്തിരുന്നു.
ഇംഗ്ലിഷ് പത്രത്തിലെ റിപ്പോർട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അണ്ണാമലൈയെ പിന്തുണച്ച് രംഗത്തെത്തി. ""റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും കണ്ണ് തുറപ്പിക്കുന്നതുമാണ്. എത്ര നിസാരമായാണ് കോണ്‍ഗ്രസ് കച്ചത്തീവിനെ വിട്ടുകൊടുത്തത്. കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്ന് ഇന്ത്യക്കാരുടെ മനസില്‍ വീണ്ടും ഉറപ്പിക്കുന്നതാണിത്''- മോദി കുറിച്ചു. 75 വര്‍ഷമായി ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കും ഐക്യത്തിനും എതിരാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കോൺഗ്രസിന് കാര്യമല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ യാഥാർഥ്യങ്ങളാണ് എല്ലാവരുടെയും ആശങ്കയെന്നും ഭൂതകാലത്തെക്കുറിച്ചുള്ള വസ്തുത എല്ലാവരും അറിയേണ്ടത് പ്രധാനമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. കച്ചത്തീവ് വിഷയത്തിൽ ഡിഎംകെ കള്ളം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. കച്ചത്തീവിനെക്കുറിച്ച് മിണ്ടാൻ പോലും ഡിഎംകെയ്ക്ക് അവകാശമില്ലെന്നു മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിത നിയമസഭയിൽ പറയുന്ന വിഡിയൊ ക്ലിപ്പും അവർ പങ്കുവച്ചു. ബിജെപി വക്താവ് സുധാംശു ത്രിവേദിയും ഡിഎംകെയ്ക്കും കോൺഗ്രസിനുമെതിരേ രംഗത്തെത്തി.
പത്തു വർഷത്തെ സ്വന്തം സർക്കാരിന്‍റെ നേട്ടം പറയാനില്ലാത്തതിനാലാണ് മോദി വൈകാരിക വിഷയങ്ങൾ ഉയർത്തുന്നതും ഇന്ദിരഗാന്ധിയെ വിമർശിക്കുന്നതുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മോദിയുടെ നിരാശയാണ് കാണുന്നത്. 20 വീര സൈനികർ ഗാൽവൻ താഴ്‌വരയിൽ ജീവൻ ത്യജിച്ചപ്പോൾ ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രധാനമന്ത്രിയാണു മോദി. കച്ചത്തീവ് ശ്രീലങ്കയ്ക്കു നൽകിയത് സൗഹൃദത്തിന്‍റെ ഭാഗമായാണ്. മോദി സർക്കാർ സമാനമായി അതിർത്തിയിലെ ചില പ്രദേശങ്ങൾ ബംഗ്ലാദേശിന് കൈമാറിയിട്ടുണ്ടെന്നും ഖാർഗെ ഓർമിപ്പിച്ചു. പരാജയഭീതി മറയ്ക്കാനാണ് ബിജെപി എതിരാളികൾക്കുമേൽ കുറ്റം ചാർത്തുന്നതെന്നു ഡിഎംകെ പ്രതികരിച്ചു.
കച്ചത്തീവ്
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ പാക് കടലിടുക്കിലെ ചെറുദ്വീപ്. രാമേശ്വരം തീരത്തു നിന്ന് 20 കിലോമീറ്റർ അകലെയുള്ള ദ്വീപിന് വിസ്തീർണം 115 ഹെക്റ്റർ. ആൾതാമസമില്ല. മുൻപ് മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്നു. 1974 ജൂലൈ 28ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെയും ഒപ്പുവച്ച കരാർ പ്രകാരം ദ്വീപ് ലങ്കയുടേതായി.
ഇരുരാജ്യത്തെയും മത്സ്യത്തൊഴിലാളികൾക്ക് ഇവിടെ തടസമില്ലാതെ പോകാമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും പിന്നീട് ഇവിടം പൂർണമായി ശ്രീലങ്കയുടെ സൈനിക മേധാവിത്വത്തിലായി. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നിരന്തരം ശ്രീലങ്കൻ സേന പിടിച്ചുകൊണ്ടുപോകുന്നത് നിരന്തരം പ്രശ്നങ്ങൾക്കിടയാക്കുന്നു. കച്ചത്തീവ് വിട്ടുകൊടുക്കാൻ തനിക്ക് മടിയില്ലെന്ന് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞതുൾപ്പെടെ വിവരാവകാശ രേഖയിൽ കെ. അണ്ണാമലൈ പുറത്തുവിട്ടിരുന്നു.