അന്താരാഷ്ട്ര നിക്ഷേപ തർക്കത്തിൽ ഡി.വൈ. ചന്ദ്രചൂഡിനെ ആര്‍ബിട്രേറ്ററായി നിയമിച്ച് റഷ്യ

1998-ല്‍ റഷ്യയും യുക്രെയ്‌നും ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ കരാറിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്
D.Y. Chandrachud

ഡി.വൈ. ചന്ദ്രചൂഡ്

Updated on

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ റഷ്യ ആര്‍ബിട്രേറ്ററായി (മധ്യസ്ഥന്‍) നിയമിച്ചു. യുക്രെയ്‌നിലെ പൊതുമേഖലാ ബാങ്കായ 'ഓഷാഡ്ബാങ്കുമായുള്ള' അന്താരാഷ്‌ട്ര നിക്ഷേപ തര്‍ക്കത്തിലാണ് ചന്ദ്രചൂഡിനെ ആര്‍ബിട്രേറ്ററായി റഷ്യ നിയമിച്ചത്.

ഈ നിയമനം അര്‍ഥമാക്കുന്നത് ചന്ദ്രചൂഡ് ഒരു അഭിഭാഷകനെന്ന നിലയില്‍ റഷ്യയെ പ്രതിനിധീകരിക്കുന്നു എന്നല്ല. ആര്‍ബിട്രേറ്റര്‍ എന്ന നിലയില്‍, മൂന്നംഗ ട്രൈബ്യൂണലിലെ ഒരംഗമായി മാത്രമായിരിക്കും ചന്ദ്രചൂഡ് പ്രവര്‍ത്തിക്കുക. അതിലൂടെ അദ്ദേഹം സ്വതന്ത്രമായ വിധിതീര്‍പ്പ് നടത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

1998-ല്‍ റഷ്യയും യുക്രെയ്‌നും ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ കരാറിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. 2022ലെ റഷ്യയുടെ സൈനിക അധിനിവേശത്തിനു ശേഷം ബാങ്കിന്‍റെ സ്വത്തുക്കളും പ്രവര്‍ത്തനങ്ങളും റഷ്യ പിടിച്ചെടുത്തെന്നു ചൂണ്ടിക്കാണിച്ചാണ് ഓഷാഡ്ബാങ്ക് നിയമനടപടി സ്വീകരിച്ചത്. ദശലക്ഷക്കണക്കിന് ഡോളറിന്‍റെ നഷ്ടപരിഹാരമാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. 2025 ജൂലൈയില്‍ റഷ്യയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ബാങ്ക് ആര്‍ബിട്രേഷനെ സമീപിച്ചത്.

കേസ് പരിഗണിക്കുന്ന മൂന്നംഗ ട്രിബ്യൂണലിന്‍റെ അധ്യക്ഷ കോസ്റ്റാറിക്കന്‍ ആര്‍ബിട്രേറ്ററും മുന്‍ വാണിജ്യമന്ത്രിയുമായ ദ്യാലാ ജിമെനെസാണ്. റഷ്യയും യുക്രെയ്‌നും ചേര്‍ന്നാണ് ഇവരെ തെരഞ്ഞെടുത്തത്. മൂന്നംഗ ട്രിബ്യൂണലില്‍ ഓഷാഡ് ബാങ്ക് ആര്‍ബിട്രേറ്ററായി നിര്‍ദേശിച്ചത് ഗ്രീക്ക് നിയമവിദഗ്ധനും നാഷണല്‍ യൂണിവേഴ്‌സിറ്റി ഒഫ് സിംഗപ്പൂരിലെ പ്രൊഫസറുമായ സ്റ്റാവ്രോസ് ബ്രെകൗലാക്കിസിനെയുമാണ്. റഷ്യ നിര്‍ദേശിച്ചത് ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെയും.

logo
Metro Vaartha
www.metrovaartha.com