റഷ്യൻ എണ്ണ: യുഎസിന്‍റെയും യൂറോപ്പിന്‍റെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി ജയശങ്കർ

റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് ആവശ്യപ്പെട്ടു; യൂറോപ്യൻ രാജ്യങ്ങളുടെ ആയുധങ്ങൾ ഇന്ത്യക്കെതിരേ ഉപയോഗിച്ചിട്ടുണ്ട്
Western hypocrisy on Russian oil: Jaishankar

എസ്. ജയശങ്കർ

Updated on

ഹെൽസിങ്കി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെയും യുഎസിന്‍റെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഫിൻലൻഡിലെ നാന്‍റലിയിൽ നടന്ന സംവാദ പരിപാടിയിൽ ഇന്ത്യ, റഷ്യയോടു കൂടുതൽ അനുതാപം കാണിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണു ജയശങ്കർ മുഖമടച്ച് മറുപടി നൽകിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിനെ എതിർക്കാൻ യൂറോപ്പിന് ധാർമികമായി ഒരു അവകാശവുമില്ലെന്നു ജയശങ്കർ പറഞ്ഞു.

യൂറോപ്പ് വിറ്റഴിച്ച ആയുധങ്ങൾ ഇന്ത്യയ്ക്കെതിരേ പലതവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്ത്യയുടെ ഒരു ആയുധം ഉപയോഗിച്ചും ഇക്കാലം വരെ ഒരു യൂറോപ്യൻ രാജ്യവും ആക്രമിക്കപ്പെട്ടിട്ടില്ല. അഥവാ യൂറോപ്പിന് ഭീഷണിയുണ്ടാകുന്ന ഒന്നും ഇന്ത്യ ചെയ്തിട്ടില്ല. നിങ്ങൾക്ക് ഇപ്പോൾ കാര്യങ്ങൾ മനസിലായെന്നു കരുതുന്നു- ജയശങ്കർ പറഞ്ഞു.

ദേശീയ താത്പര്യം സുരക്ഷിതമാക്കാനുള്ള പ്രായോഗിക സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ ലഭ്യതയും വിലയും നോക്കിയാണ് എണ്ണ വാങ്ങുന്നത്. ഞങ്ങളുടെ പരമ്പരാഗത ദാതാക്കൾ മധ്യപൂർവേഷ്യൻ രാജ്യങ്ങളായിരുന്നു. 2022 മുതൽ യൂറോപ്യൻ രാജ്യങ്ങൾ അവിടേക്കു തിരിഞ്ഞപ്പോൾ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന റഷ്യൻ ക്രൂഡിലേക്കു ഞങ്ങൾ തിരിഞ്ഞു.

അക്കാലത്ത് റഷ്യൻ എണ്ണ വാങ്ങി, ആഗോള വിപണിയിൽ വില നിയന്ത്രിക്കാൻ യുഎസ് ഞങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. പിന്നീട് ഇതേകാരണം പറഞ്ഞ് യുഎസ് താരിഫ് ചുമത്തുകയും പിന്നീട് അതു പിൻവലിക്കുകയും ചെയ്തു. ഇന്ധന രംഗത്ത് ഞങ്ങളുടെ തീരുമാനങ്ങളെല്ലാം ദേശീയ താത്പര്യം മാത്രം മുൻനിർത്തിയാണ്. റഷ്യ തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവ്. യുഎസാണ് ഞങ്ങളുടെ പ്രധാന പ്രകൃതിവാതക ദാതാവ്- ജയശങ്കർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com