കശ്മീരിൽ ഇപ്പോൾ പ്രാദേശിക ഭീകരരില്ല: അമിത് ഷാ

ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുണ്ടായിരുന്ന അവസാനത്തെ പ്രാദേശിക കശ്മീരി ഭീകരനെയും പൊലീസ് വധിച്ചെന്ന് അമിത് ഷാ
Amit Shah

അമിത് ഷാ

file photo

Updated on: 

ഇറ്റനഗർ: കശ്മീർ താഴ്‌വരയിൽ സജീവമായി പ്രവർത്തിച്ചിരുന്ന പ്രാദേശിക ഭീകരർ ആരും അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താഴ്‌വരയിൽ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെല്ലാം വിദേശ ഭീകരരാണ്. 35 വർഷത്തെ പോരാട്ടത്തിൽ രക്ഷാ സേനയും രഹസ്യാന്വേഷണ ഏജൻസികളും കൈവരിച്ച വലിയ നേട്ടമാണിതെന്നും അദ്ദേഹം. അരുണാചൽ പ്രദേശിൽ പൊലീസിന്‍റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുണ്ടായിരുന്ന അവസാനത്തെ പ്രാദേശിക കശ്മീരി ഭീകരനെയും പൊലീസ് വധിച്ചെന്ന് അമിത് ഷാ. നവംബർ 18ന് കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ താഴ്‌വരയിലെ അവസാനത്തെ സജീവ പ്രാദേശിക ഭീകരനായ മുഹമ്മദ് ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ ഈ പ്രഖ്യാപനം.

1990കളിൽ ഭീകരപ്രവർത്തനം തഴച്ചുവളർന്ന കശ്മീരിലെ സാഹചര്യം രാജ്യത്തിന് എത്രകാലം നിയന്ത്രിക്കാനാകുമെന്ന് അന്ന് ആശങ്കകളുണ്ടായിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരതയും സമർപ്പണവും ത്യാഗവുമാണ് കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ചേർത്തുനിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഭരണഘടനയിലെ ഈ വകുപ്പും ഭീകരവാദവും തമ്മിലുള്ള ബന്ധത്തെ പ്രതിപക്ഷം അന്ന് ചോദ്യം ചെയ്തിരുന്നു. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെ യുവാക്കൾക്കിടയിലുണ്ടായിരുന്ന വിഘടനവാദ ചിന്താഗതി പൂർണമായും അവസാനിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷാ ഇറ്റാനഗറിലെത്തിയത്.