
ന്യൂഡൽഹി: അനധികൃതമായി യുഎസിലേക്ക് കുടിയേറിയെന്നാരോപിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ യുഎസ് നടപടിയിലെ മനുഷ്യാവകാശലംഘനങ്ങൾ പാർലമെന്‍റിൽ ഉന്നയിച്ച പ്രതിപക്ഷത്തിന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മറുപടി നൽകും.
അവഹളേനപരമായി ഇന്ത്യക്കാരെ നാടുകടത്തിയെ നടപടിക്കെതിരേ പ്രതിപക്ഷം ശക്തമായി ശബ്ദമുയർത്തിയ സാഹചര്യത്തിൽ ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതെത്തുടർന്ന്, വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം പാർലമെന്‍റിൽ പ്രസ്താവന നടത്താനാണ് ധാരണയായിരിക്കുന്നത്.
ആദ്യ ഘട്ടമായി 104 അനധികൃത കുടിയേറ്റക്കാരെയാണ് യുഎസ് സൈനിക വിമാനത്തിൽ അമൃത്സറിലെത്തിച്ചത്. ഇതിൽ ഹരിയാനയിൽ നിന്നും ഗുജറാത്തിൽനിന്നും 33 പേർ വീതമുണ്ട്. പഞ്ചാബിൽ നിന്ന് 30 പേരും മഹാരാഷ്ട്രയിൽനിന്നും ഉത്തർപ്രദേശിൽനിന്നും മൂന്നു പേർ വീതവും, ചണ്ഡിഗഡിൽനിന്ന് രണ്ടു പേരും.
19 സ്ത്രീകളും 13 കുട്ടികളുമാണ് ഇക്കൂട്ടത്തിലുള്ളത്. നാല് വയസുള്ള ആൺകുട്ടിയും അഞ്ചും ഏഴും വയസുള്ള പെൺകുട്ടികളും വരെ ഉൾപ്പെടുന്നു.
ഇപ്പോഴത്തെ സംഭവങ്ങളുടെ വെളിച്ചത്തിൽ, വിദേശ കുടിയേറ്റം ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കു സുരക്ഷിതത്വം ഉറപ്പുവരുത്താൻ പ്രത്യേക നിയമനിർമാണം നടത്തുന്നതും കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണ്.