മോദി തങ്ങിയ ഓസ്ട്രേലിയൻ ഹോട്ടലിലെത്തി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി ഇരുപത്തിരണ്ടുകാരൻ

അതീവ സുരക്ഷാ വീഴ്ച പരിശോധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ
 A 22-year-old man entered the Australian hotel where Modi was staying and shouted anti-India slogans.

മോദി തങ്ങിയ ഓസ്ട്രേലിയൻ ഹോട്ടലിലെത്തി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി ഇരുപത്തിരണ്ടുകാരൻ

Updated on

മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങിയ ഹോട്ടലിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവുമായി തീവ്ര വലതുപക്ഷ വാദി. ഹ്യൂഗോ ലെനോൺ എന്ന ഇരുപത്തിരണ്ടുകാരനാണ് ഹോട്ടലിൽ അതിക്രമിച്ചു കയറി ഇന്ത്യക്കാർക്കെതിരേ പരസ്യമായി ബഹളം വെച്ചത്. ഓസ്ട്രേലിയയിൽ ഇന്ത്യക്കാരുടെ കുടിയേറ്റം പൂർണമായി അവസാനിപ്പിക്കണമെന്നും ഓസ്ട്രേലിയ ഓസ്ട്രേലിയക്കാർക്കു മാത്രമുള്ളതാണെന്നും ഇയാൾ വിളിച്ചു പറഞ്ഞു.

ഹോട്ടൽ ലോബിയിൽ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നു നീങ്ങിയതിനു തൊട്ടു പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ. ഹോട്ടലിന്‍റെ ബാൽക്കണിയിൽ നിലയുറപ്പിച്ചായിരുന്നു ഹ്യൂഗോയുടെ ഈ വിദ്വേഷ പ്രചരണം. ഉടൻ തന്നെ ഓസ്ട്രേലിയൻ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രമുഖ തീവ്രവലതു പക്ഷ കൂട്ടായ്മയിലെ സജീവാംഗമാണ് ഇയാളെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതീവ സുരക്ഷാ വലയമുള്ള വിഐപി ഹോട്ടലിനുള്ളിൽ ഇയാൾക്കെങ്ങനെ പ്രവേശിക്കാൻ കഴിഞ്ഞു എന്നതിനെക്കുറിച്ച് വിശദമായ പരിശോധന ആരംഭിച്ചു.

ഹോട്ടലിലെ പ്രതിഷേധത്തിനു ശേഷവും ഈ തീവ്രവലതുപക്ഷ സംഘം പിന്മാറിയില്ല. തുടർന്ന് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ച മർവൻ സ്റ്റേഡിയത്തിനു മുന്നിലും ഇതേസംഘം പ്രതിഷേധവുമായി എത്തി.

ഓസ്ട്രേലിയയിലേയ്ക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തെ നിരന്തരം എതിർക്കുന്ന ഗ്രൂപ്പാണിത്. എന്നാൽ പ്രവാസികളുടെ സ്വീകരണച്ചടങ്ങിൽ മോദിക്കൊപ്പം പങ്കെടുത്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ഓസ്ട്രേലിയയുടെ വികസനത്തിൽ ഇന്ത്യൻ സമൂഹം നൽകുന്ന വിലമതിക്കാനാകാത്ത സംഭാവനകളെ വേദിയിൽ വെച്ച് വാനോളം പുകഴ്ത്തി.

logo
Metro Vaartha
www.metrovaartha.com