

സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം
ന്യൂഡൽഹി: സ്മാർട്ട് ഫോണുകൾ വിൽക്കും മുൻപ് നിർമാതാക്കൾ സഞ്ചാർ സാഥി ആപ്പ് നിർബന്ധമായും ഇൻസ്റ്റോൾ ചെയ്യണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ. ടെലികോം ഡിപ്പാർട്ട്മെന്‍റ് ആണ് ഉത്തരവ് പിൻവലിച്ചതായി വ്യക്തമാക്കിയിരിക്കുന്നു. ഉത്തരവ് പുറപ്പെടുവിച്ച് ഒറ്റ ദിവസം കൊണ്ട് ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം പത്ത് മടങ്ങായി വർധിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് സർക്കാർ ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.
ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തിൽ ദ്രുതഗതിയിലാണ് വർധനവുണ്ടായിരിക്കുന്നത്. പ്രോസസ് വേഗത്തിലാക്കുന്നതിനും കൂടുതൽ പൗരന്മാർക്ക് ഇതേക്കുറിച്ച് ബോധവത്കരണം ലഭിക്കുന്നതിനും വേണ്ടിയാണ് ആപ്പ് നിർബന്ധിതമാക്കിയത്. കഴിഞ്ഞ ഒറ്റ ദിവസത്തിൽ 6 ലക്ഷം പൗരന്മാരാണ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ രജിസ്റ്റർ ചെയ്തത്. പത്തു മടങ്ങ് വർധനവാണത്.
സഞ്ചാർ സാഥി വലിയ വേഗത്തിൽ സ്വീകരിക്കപ്പെട്ട സാഹചര്യത്തിൽ പ്രീ ഇൻസ്റ്റലേഷൻ നിർബന്ധമാക്കിക്കൊണ്ട് മൊബൈൽ മാനുഫാക്ചേഴ്സിനു നൽകിയ ഉത്തരവ് പിൻവലിക്കുകയാണെന്ന് ടെലികോം വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.
നവംബർ 28നാണ് വിവാദ ഉത്തരവ് പുറത്തു വന്നത്. ആപ്പ് വഴി കോളുകളും മെസേജുകളും വരെ മറ്റൊരാൾക്ക് കേൾക്കാൻ സാധിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഉത്തരവിനെതിരേ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.