

ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ? ശബരിമല യുവതീപ്രവേശനത്തിൽ ചോദ്യവുമായി സുപ്രീം കോടതി
കൊച്ചി: ശബരിമല കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് സുപ്രീം കോടതിയിൽ നടക്കുന്നത്.
കേസില്‍ ആദ്യം വാദമുന്നയിച്ച മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ശബരിമലയില്‍ കയറിയ ബിന്ദു അമ്മിണിക്കു കനകദുര്‍ഗയ്ക്കും വേണ്ടി ഇന്ദിരാ ജയ്‌സിങ് വാദിച്ചപ്പോഴാണ്, ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്‌ന, അവര്‍ ഇരുവരും വിശ്വാസികളാണോ എന്ന ചോദ്യം ഉന്നയിച്ചത്.
രണ്ടു സ്ത്രീകളും ഹിന്ദു വിശ്വാസികളാണെന്നും ബിന്ദു അമ്മിണി ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് മറുപടി നൽകി. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമല കയറാൻ പോയത്. എന്നാൽ അതുമൂലം ഇരുവര്‍ക്കും പിന്നീട് തിക്താനുഭവങ്ങള്‍ നേരിട്ടു. ബിന്ദു അമ്മിണിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടായതായും കനകദുര്‍ഗയ്ക്ക് വീട്ടില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി.
പത്താംദിവസമാണ് ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീം കോടതി വാദം കേൾക്കുന്നത്. 15 ലേറെ കക്ഷികളാണ് യുവതിപ്രവേശനത്തെ ഉൾപ്പെടെ അനൂകൂലിച്ച് വാദങ്ങൾ എഴുതി സമർപ്പിച്ചത്. അവിശ്വാസികളായവർ മതാചാരങ്ങളിൽ എന്തിന് കോടതികളെ സമീപിക്കുന്നു, പൊതുതാൽപര്യഹർജികളിലൂടെ ലക്ഷകണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരങ്ങൾ തെറ്റാണെന്ന് എങ്ങനെ പറയാനാകും തുടങ്ങിയ സുപ്രധാന നീരീക്ഷണങ്ങൾ സുപ്രീംകോടതി നേരത്തെ നടത്തിയിരുന്നു. ചൊവ്വാഴ്ചയാണ് യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയായത്. പിന്നാലെ ബുധനാഴ്ച അനുകൂലിക്കുന്നവരുടെ വാദം ആരംഭിച്ചു.