

എം.എ. ബേബി
ന‍്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളായ രണ്ടു പേരുടെ ശിക്ഷ മരവിപ്പിക്കുകയും ജാമ‍്യം അനുവദിക്കുകയും ചെയ്ത സുപ്രീം കോടതി ഉത്തരവിനെതിരേ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സുപ്രീം കോടതി ഉത്തരവ് ഞെട്ടിക്കുന്നതും അപലപനീയമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
വിചാരണ കൂടാതെ ഏറെ വർഷങ്ങളായി ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരായ യുവപ്രവർത്തകർക്ക് കോടതി ഇതുവരെ ജാമ‍്യം അനുവദിച്ചിട്ടില്ലെന്നും എന്നാൽ അതിക്രൂരമായ കുറ്റകൃത‍്യങ്ങളിൽ കുറ്റക്കാരായി കണ്ടെത്തിയവരെ മോചിപ്പിക്കുന്നത് കോടതിക്ക് ഉചിതമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2022ൽ ഗുജറാത്ത് സർക്കാരിൽ നിന്നും ഇളവ് നേടാൻ നിയമസംവിധാനത്തെ ദുരുപയോഗം ചെയ്ത കുറ്റവാളികളാണ് ഇവരെന്നും എം.എ. ബേബി പറഞ്ഞു. ബിൽക്കിസ് ബാനുവിന് സുപ്രീം കോടതി നീതി നിഷേധിച്ചുവെന്നു പറഞ്ഞ എം.എ. ബേബി നീതിക്കു വേണ്ടിയുള്ള ബിൽക്കിസ് ബാനുവിന്‍റെ പോരാട്ടം നമ്മളോരോരുത്തരെയും സംബന്ധിച്ചുള്ളതാണെന്നും തങ്ങൾ അവർക്കൊപ്പം നിൽക്കുമെന്നും കൂട്ടിച്ചേർത്തു.