

ഡൽഹിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ പൊട്ടിക്കാം; ഉപാധികളോടെ അനുമതി നൽകി സുപ്രീം കോടതി
ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ അഗീകൃത ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി നൽകി സുപ്രീം കോടതി. നവംബർ 7,8 തീയതികളിലാണ് പടക്കം പൊട്ടിക്കാൻ അനുമതി. നവംബർ 9 മുതൽ പടക്കങ്ങൾക്ക് വീണ്ടും പൂർണ നിരോധനം നിലവിൽ വരുമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്റ്റോബറിൽ പുറപ്പെടുവിച്ച അതേ മാർഗനിർദേശങ്ങളാണ് ഇത്തവണയും നിർദേശിച്ചിരിക്കുന്നത്. 7,8 തായതികളിൽ രാവിലെ 6-7 വരെയും വൈകിട്ട് 8 മുതൽ 10 മണി വരെയും മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതി.
ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, പ്രാഥമിക-ജില്ലാ ആരോഗ്യ കേന്ദ്രങ്ങൾ, വയോജന മന്ദിരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ 300 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കുന്നത് കോടതി പൂർണമായും വിലക്കിയിട്ടുണ്ട്.
വായൂ മലിനീകരണം രൂക്ഷമായതോടെയാണ് ഡൽഹിയിൽ പടക്കം പൊട്ടിക്കുന്നത് വിലക്കിയത്. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. ഹരിത പടക്കങ്ങൾക്ക് സാധാരണ പടക്കങ്ങളെക്കാൾ 30 ശതമാനം വരെ മലിനീകരണം കുറവാണ്. അതിനാലാണ് ഹരിത പടക്കങ്ങൾക്ക് അനുമതി നൽകിയത്.