

'എതിർപ്പുണ്ടെങ്കിൽ സ്വന്തമായി സിനിമയെടുക്കൂ, കോടതിയുടെ സമയം കളയരുത്'; രാമായണത്തിനെതിരായ ഹർജിയിൽ അടിയന്തര ഇടപെടലില്ല
ന‍്യൂഡൽഹി: നിതേഷ് തിവാരിയുടെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങി ആഗോള ബോക്സ് ഓഫിസിൽ നിന്നും 1,777 കോടി രൂപ കളക്ഷൻ വാരിയ 'രാമായണ' എന്ന ചിത്രത്തിന്‍റെ പ്രദർശനം ചോദ‍്യം ചെയ്തുകൊണ്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ‍്യം സുപ്രീം കോടതി തള്ളി.
വിഷയം പിന്നീട് പരിഗണിക്കുമെന്നു വ‍്യക്തമാക്കിയ കോടതി ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവർക്ക് അവരുടേതായ ചിത്രം നിർമിക്കാമെന്ന് കൂട്ടിച്ചേർത്തു. ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല‍്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി. ചിത്രം തിയെറ്ററിൽ പ്രദർശനം തുടരുകയാണെന്നും കാണാൻ ആഗ്രഹിച്ചവരെല്ലാം സിനിമ കണ്ടുകഴിഞ്ഞൂവെന്നും കോടതി നിരീക്ഷിച്ചു.
ചിത്രത്തിലെ വസ്തുതകൾ വളച്ചൊടിച്ചുവെന്നാണ് ഹർജിയിൽ പ്രധാനമായും ഉന്നയിക്കുന്നത്. അവർക്ക് മനസിലായ രീതിയിൽ അവർ സിനിമയെടുത്തു. നിങ്ങൾക്ക് മനസിലാകുന്ന രീതിയിൽ നിങ്ങൾ സിനിമയെടുക്കൂ. വെറുതെ കോടതിയുടെ സമയം കളയരുത്. ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.