

ന‍്യൂഡൽഹി: കൊലപാതക കേസുകളിൽ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക‍്യൂഷൻ പരാജയപ്പെട്ട് പ്രതികൾ കുറ്റവിമുക്തരായി പുറത്തിറങ്ങിയാലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തികമായി നഷ്ടപരിഹാരം നൽകുന്ന കാര‍്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി.
2011ൽ ഹരിയാനയിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സതീശ് ചന്ദ്ര വർമ, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെ നിരീക്ഷണം. കേസിൽ ഇരകളായ രണ്ട് സ്ത്രീകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കുമോയെന്ന കാര‍്യം പരിശോധിക്കാൻ ഭിവാനിയിലെ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി.
ഭിവാനി ജില്ലയിലെ റനില ഗ്രാമത്തിലുള്ള ശകുന്തള, സുമൻ എന്നിങ്ങനെ വിധവകളായ രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. ഇവരുടെ ബന്ധുവായ നരേഷും സുഭാഷ് എന്ന മറ്റൊരാളും ചേർന്ന് ഇരുവരെയും വീടുകളിൽ നിന്നും വലിച്ചിറക്കി വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക‍്യൂഷൻ പറയുന്നത്.
വ‍്യക്തിബന്ധങ്ങളെ പറ്റിയുള്ള സംശയത്തെത്തുടർന്നാണ് മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. 2013ൽ ഭിവാനിയിലെ അതിവേഗ കോടതി നരേഷിനെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ നരേഷ് നൽകിയ അപ്പീൽ സുപ്രീം കോടതി പരിഗണിക്കുകയും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക‍്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നരേഷിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.