

ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി; രണ്ട് കുട്ടികളുൾപ്പെടെ മൂന്നു മരണം
മുർഷിദാബാദ്: പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി മൂന്നു മരണം. മരണപ്പെട്ടവരിൽ 2 പേർ കുട്ടികളാണ്. മരിച്ചവരിൽ ഒരാൾ വാനിന് സമീപമുണ്ടായിരുന്ന ഒരു സൈക്കിൾ യാത്രക്കാരനാണ്. നിരവധി കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. രാവിലെ 7 മണിയോടെ കർണ സുവർണ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോവിന്ദ്പൂർ റെയിൽവേ ഗേറ്റിലായിരുന്നു അപകടം.
റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ട്രെയിൻ വരുമ്പോൾ ലെവൽ ക്രോസ് തുറന്നിട്ട നിലയിലായിരുന്നു. ഈ സമയത്താണ് വാൻ പാളത്തിലൂടെ കടന്നുപോകാൻ ശ്രമിച്ചതും വേഗത്തിലെത്തിയ ട്രെയിൻ വാനിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ ഉന്നതതലത്തിലുള്ള ഒരു പത്തംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘം ഉടൻ തന്നെ അപകടസ്ഥലത്തെത്തി പരിശോധന നടത്തും.