

കാർട്ടൂൺ കണ്ടതിന് വഴക്കു പറഞ്ഞു; രണ്ടാം ക്ലാസുകാരി വീട്ടിൽ നിന്നിറങ്ങിപ്പോയി
AI Image
ഹാമിർപുർ: അമിതമായി കാർട്ടൂൺ കണ്ടതിന് അമ്മ വഴക്കു പറഞ്ഞതിന് പിന്നാലെ രണ്ടാം ക്ലാസുകാരി വീട്ടിൽ നിന്നിറങ്ങിപ്പോയി. കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിനൊടുവിൽ അഞ്ച് കിലോമീറ്റർ അപ്പുറത്ത് നിന്ന് കുട്ടിയെ കണ്ടെത്തി.
ഹിമാചൽ പ്രദേശിലെ ഭോരഞ്ച് മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം. മൂന്നു മക്കളുള്ള യുവതിയാണ് മൂത്ത മകളോട് കാർട്ടൂൺ കണ്ടിരിക്കാതെ പോയി ഭക്ഷണം കഴിക്കാൻ നിർദേശിച്ചത്. അസ്വസ്ഥയായ പെൺകുട്ടി അപ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങി നടന്നു. വീട്ടുപണികളിൽ മുഴുകിയിരുന്ന അമ്മ കുട്ടി പോയത് അറിഞ്ഞില്ല.
കുറേ സമയം കഴിഞ്ഞിട്ടും കുട്ടിയുടെ ശബ്ദം ഒന്നും കേൾക്കാതെയായപ്പോഴാണ് കുട്ടി വീട്ടിൽ ഇല്ലെന്ന് അമ്മ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. നാല് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ 5 കിലോമീറ്റർ ദൂരത്തു നിന്ന് കണ്ടെത്തിയത്.