സുരക്ഷാ ഭീഷണി; മണിപ്പുരിൽ നടത്താനിരുന്ന ബിഎസ്എഫ് റെയ്‌സിങ് ഡേ പരേഡ് ഡൽഹിയിലേക്ക് മാറ്റി

കേന്ദ്ര ആഭ്യന്തര മന്ത്രിയോ ആഭ്യന്തര സഹമന്ത്രിയോ പങ്കെടുക്കുന്ന ചടങ്ങിൽ സൈനികർ ആചാരപരമായ വേഷത്തിൽ അണിനിരക്കുന്ന ഗംഭീര പരേഡാണ് റെയ്‌സിങ് ഡേയുടെ പ്രധാന ആകർഷണം.
Security threat; BSF Raising Day parade, originally scheduled to be held in Manipur, shifted to Delhi.

സുരക്ഷാ ഭീഷണി; മണിപ്പുരിൽ നടത്താനിരുന്ന ബിഎസ്എഫ് റെയ്‌സിങ് ഡേ പരേഡ് ഡൽഹിയിലേക്ക് മാറ്റി

Updated on: 

ന്യൂഡൽഹി: മണിപ്പുരിൽ നടത്താനിരുന്ന അതിർത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) 62ാമത് റെയ്‌സിങ് ഡേ പരേഡ് അവസാന നിമിഷം റദാക്കി. ചടങ്ങ് ഡൽഹിയിലേക്ക് മാറ്റിയതായി ബിഎസ്എഫ് അറിയിച്ചു. സുരക്ഷാ ഭീഷണിയെ തുടർന്നാണ് നടപടി.

ഡിസംബർ ഒന്നിന് മണിപ്പുരിലെ സംഘർഷബാധിത ജില്ലയായ ചുരാചന്ദ്പുരിലെ ബിഎസ്എഫ് ട്രെയിനിങ് സെന്‍ററിലാണ് പരേഡ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച സുരക്ഷാ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ പരിപാടി റദാക്കുകയായിരുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 3,000ത്തോളം ജവാൻമാരെയും ആയുധങ്ങൾ, പീരങ്കികൾ, ഒട്ടകം, കുതിര, നായ എന്നിവ ഉൾപ്പെട്ട യൂണിറ്റുകളെയും മണിപ്പുരിലേക്ക് എത്തിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ ബിഎസ്എഫ് നടത്തിയിരുന്നു. നവംബർ 12ന് ബിഎസ്എഫ് ഈ ഒരുക്കങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ബിഎസ്എഫ് ഡയറക്റ്റർ ജനറൽ ചുരാചന്ദ്പുരിലെ പരിശീലന കേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയതായി സേന അറിയിച്ചിരുന്നു. പരിപാടി റദാക്കിയതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രിയോ ആഭ്യന്തര സഹമന്ത്രിയോ പങ്കെടുക്കുന്ന ചടങ്ങിൽ സൈനികർ ആചാരപരമായ വേഷത്തിൽ അണിനിരക്കുന്ന ഗംഭീര പരേഡാണ് റെയ്‌സിങ് ഡേയുടെ പ്രധാന ആകർഷണം.

2023 മുതൽ മണിപ്പുരിൽ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുകയാണ്. സംഘർഷത്തിൽ ഇതുവരെ കുറഞ്ഞത് 306 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭവനരഹിതരാകുകയും ചെയ്തു. 49 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.