

എസ്. കമലി
ചെന്നൈ: നാലു മാസം പ്രായമുള്ള കുഞ്ഞുമായാണ് കമലി തമിഴകത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിറഞ്ഞു നിന്നത്. ഒടുവിൽ ഫലം വന്നതോടെ ട്യൂഷൻ ടീച്ചറായിരുന്ന കമലി തമിഴകത്തെ മന്ത്രിപദം തൊട്ടു. തമിഴ്നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് 28 വയസുള്ള എസ്. കമലി. കേന്ദ്ര മന്ത്രി എൽ. മുരുഗന്‍റെ മണ്ഡലമായ അവനാശിയിൽ നിന്നാണ് കമലി വിജയിച്ചെത്തിയിരിക്കുന്നത്. മുഖ്യ ധാരാ രാഷ്ട്രീയത്തിൽ പുതുമുഖമായ കമലി ആദ്യമായി എംഎൽഎ ആയപ്പോൾ തന്നെ മന്ത്രിസ്ഥാനവും സ്വന്തമാക്കി. മൃഗസംരക്ഷണ വകുപ്പാണ് കമലി കൈകാര്യം ചെയ്യുന്നത്.
വിജയുടെ തമിഴക വെട്രി കഴകത്തിന്‍റെ സജീവപ്രവർത്തകയാകുന്നതിനും മുൻപ് ട്യൂഷൻ ടീച്ചറായിരുന്നു കമലി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ത ബിരുദവും ബിഎഡും നേടിയിട്ടും ജോലി അവർക്കു മുന്നിൽ സ്വപ്നമായി മാറി നിന്നു. ഇപ്പോഴിതാ സർക്കാരിന്‍റെ തന്നെ പ്രധാന ഭാഗമായി മാറിയിരിക്കുകയാണ് കമലി. 84,209 വോട്ടുകൾ നേടിയാണ് കമലി വിജയിച്ചത്.
ബിജെപി നേതാവ് ഡോ.എൽ. മുരുഗനെ 15,373 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഡിഎംകെ, ബിജെപി, ബിഎസ്പി പാർട്ടികളുടെ സ്ഥാനാർഥികൾ ഉൾപ്പെടെ 14 പേരാണ് സംവരണ മണ്ഡലമായ അവനാശിയിൽ മത്സരിച്ചിരുന്ത്. 91.13 ശതമാനം പേരാണ് മണ്ഡലത്തിൽ നിന്ന് വോട്ടു രേഖപ്പെടുത്തിയത്. വിജയ്‌യെ പിന്തുണയ്ക്കാൻ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കമലി.