

അസമിൽ പ്രളയം രൂക്ഷം; മരണസംഖ്യ 100 ആയി
ഗുവാഹട്ടി: അസമിൽ പ്രളയം രൂക്ഷമായി തുടരുന്നു. ഏറ്റവുമൊടുവിൽ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 100 ആയി ഉയർന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 1.4 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗോലഘാട്ട്, കാർബി അഗ്‌ലോഗ് എന്നീ ജില്ലകളിലാണ് രണ്ട് പേരുടെ മരണം റിപ്പോർട്ട് ചെയ്തത്. ഗോലഘാട്ട് ജില്ലയെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇവിടെ 70,000ത്തോളെ പേരെയാണ് പ്രളയം ബാധിച്ചത്. ശിവസാഗർ ജില്ലയാണ് തൊട്ടുപിന്നിൽ (40,000). 16,000 പേർ പ്രളയബാധിതരായ ജോർഹട്ട് ജില്ലയാണ് മൂന്നാമത്.
അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം നിരവധി നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾക്ക് ഭീഷണിയാണ് ഇക്കാര്യം. സംസ്ഥാനത്തൊട്ടാകെ 456 ഗ്രാമങ്ങളിലായി 11,933 ഹെക്റ്റർ കൃഷി ഭൂമിയും നശിച്ചു.