

ബ്രിജ് ഭൂഷൺ
ന്യൂഡൽഹി: വനിത ഗുസ്തി താരങ്ങളെ പീഡിപ്പിച്ചെന്ന കേസിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി കുറ്റവിമുക്തനാക്കി. ഡൽഹി കോടതിയാണ് തിങ്കളാഴ്ച വിധി പുറപ്പെടുവിച്ചത്. കേസിലെ കൂട്ടുപ്രതിയായ ഗുസ്തി ഫെഡറേഷൻ മുൻ അസിസ്റ്റന്‍റ് സെക്രട്ടറിയായ വിനോദ് തോമറിനെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വിനി പൻവാർ ആണ് വിധി പുറപ്പെടുവിച്ചത്. ആറ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. കേസിലെ അന്തിമ വാദം ജൂലൈ രണ്ടിന് പൂർത്തിയായതിനെ തുടർന്ന് കോടതി വിധി ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റിവച്ചിരുന്നു.
2023 ജൂൺ 15ന് ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354 (സ്ത്രീയെ മാനഭംഗപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ആക്രമണം അല്ലെങ്കിൽ ബലപ്രയോഗം), 354A (ലൈംഗികാതിക്രമം), 354D (പിന്തുടർന്ന് ശല്യം ചെയ്യൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകളാണ് ബ്രിജ് ഭൂഷനെതിരേ ചുമത്തിയിരുന്നത്. 2016നും 2019നും ഇടയിൽ ഗുസ്തി ഫെഡറേഷന്‍റെ ഓഫീസിലും ബ്രിജ് ഭൂഷന്‍റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലും വെച്ച് ലൈംഗികാതിക്രമങ്ങൾ നടന്നതായാണ് പരാതിയിലെ ആരോപണം. ഉത്തർപ്രദേശിൽ നിന്നുള്ള മുൻ ബിജെപി എംപി കൂടിയാണ് ബ്രിജ് ഭൂഷൺ.