
പ്രിയങ്ക ഗാന്ധി, ഡി.കെ.ശിവകുമാർ
ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ. ശിവകുമാർ. ബുധനാഴ്ച പ്രിയങ്കയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. എന്നാൽ കൂടിക്കാഴ്ചയിൽ എന്താണ് സംസാരിച്ചതെന്ന് ശിവകുമാർ വ്യക്തമാക്കിയില്ല. 2023 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സംസ്ഥാനത്ത് തിരിച്ചെത്തിയതിനു പിന്നിലെ പ്രധാന ശക്തി ഡി.കെ. ശിവകുമാറായിരുന്നു.
പാർട്ടി അധികാരത്തിലേറും മുൻപേ തന്നെ ആരായിരിക്കും മുഖ്യമന്ത്രി എന്നതിൽ ചില ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ കോൺഗ്രസ് വിരുദ്ധരുടെ വായ് അടപ്പിച്ചു കൊണ്ട് സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. പാർട്ടി അധികാരത്തിലേറി രണ്ടര വർഷം പൂർത്തിയാകുമ്പോഴാണ് പഴയ പ്രശ്നവങ്ങൾ വീണ്ടും ഉയിർത്തെഴുന്നേറ്റിരിക്കുന്നത്.
രണ്ടര വർഷത്തിനു ശേഷം ഒഴിഞ്ഞു കൊടുക്കാമെന്ന വാക്കിന്മേലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിൽ ഏറിയതെന്നും ശിവകുമാർ നിലവിൽ പദവിക്കു വേണ്ടി സമ്മർദം ചെലുത്തുകയാണെന്നുമുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു.
ആർസിബി വിജയാഹ്ലാദത്തിനിടെയുണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പെട്ടെന്നൊരു അധികാരമാറ്റം പ്രായോഗികമല്ലെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ തീരുമാനം. അതു മാത്രമല്ല ഇഡി കേസുകളും ശിവകുമാറിന് വിലങ്ങുതടിയായി മാറിയിട്ടുണ്ട്.