
ഡി.കെ. ശിവകുമാർ.
ബംഗളൂരു: കർണാടക മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേ രൂക്ഷമായി പ്രതികരിച്ച് ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ചില മാധ്യമങ്ങൾ വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലാൽ ബാഗിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഡി.കെ. ശിവകുമാർ രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്. കർണാടകയിലെ കോൺഗ്രസ് സർക്കാർ കാലാവധിയുടെ പകുതി പിന്നിട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി മാറുമെന്ന വിധത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. നവംബറിലാണ് സർക്കാർ കാലാവധിയുടെ പാതി പൂർത്തിയാക്കുന്നത്. ഞാൻ മുഖ്യമന്ത്രിയാകണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്.
അവരെന്നോട് എപ്പോഴാണ് ആ സമയമെന്ന് ചോദിക്കുന്നുണ്ടെന്ന് മാത്രം. അക്കാര്യത്തെ വളച്ചൊടിക്കരുത്. ചില മാധ്യമങ്ങൾ വളച്ചൊടിച്ചാണ് വാർത്ത നൽകുന്നത്. എനിക്ക് അത്ര തിരക്കില്ലെന്നും ഡികെ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെങ്കിൽ ഇനി മേലാൽ മാധ്യമങ്ങളോട് സഹകരിക്കില്ലെന്നും ഡികെ വ്യക്തമാക്കി. മേലാൽ പ്രസ് കോൺഫറൻസുകൾ വിളിക്കില്ല.
നിങ്ങളില്ലാതെ തന്നെ രാഷ്ട്രീയം പ്രവർത്തിക്കാൻ അറിയാം. ഞാനെപ്പോൾ എവിടെയാണ് മുഖ്യമന്ത്രിയാകാൻ സമയമടുത്തുവെന്ന് പറഞ്ഞത്? ചിലർ അതേക്കുറിച്ച് സംസാരിച്ചപ്പോൾ പോലും മൗനം സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.