"പുസ്തകങ്ങളോട് അൽപ്പം ബഹുമാനം ആകാം"; കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി

കേസിൽ നവംബർ 20ന് വീണ്ടും വാദം കേൾക്കും. അതു വരെയും പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് നീക്കം ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
'Show some respect to books': SC to Centre

"പുസ്തകങ്ങളോട് അൽപ്പം ബഹുമാനം ആകാം"; കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി

സുപ്രീം കോടതി - file image

Updated on: 

ന്യൂഡൽഹി: 135 വർഷം പഴക്കമുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സെൻട്രൽ വിസ്റ്റ നവീകരണത്തിന്‍റെ ഭാഗമായാണ് ലൈബ്രറി മാറ്റി സ്ഥാപിക്കുന്നത്. എന്നാൽ മറ്റൊരു സജ്ജീകരണം ഒരുക്കാതെ തന്നെ ലൈബ്രറി കെട്ടിടം തകർക്കാനുള്ള നീക്കമാണ് സുപ്രീം കോടതിയെ പ്രകോപിപ്പിച്ചത്. ജസ്റ്റിസ്മാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ചത്.

കെട്ടിടം പൊളിക്കാൻ വല്ലാത്ത തിരക്ക് കാണിക്കുന്നുവല്ലോ, ഈ പുസ്തകങ്ങൾ എന്തു ചെയ്യാനാണ് നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഈ പുസ്തകങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു പോലുമില്ലേ, ഇതു നമ്മുടെ പാരമ്പര്യമാണ് എന്നാണ് ജസ്റ്റിസ് കുമാർ പറഞ്ഞത്. 1702 മുതലുള്ള പുസ്തകങ്ങൾ ഇവിടെയുണ്ട്. നിങ്ങൾക്കത് വേണ്ടെന്നുണ്ടെങ്കിൽ മറ്റേതെങ്കിലും രാജ്യത്തിന് നൽകൂ, അവരതിന്‍റെ മൂല്യം മനസിലാക്കി സൂക്ഷിക്കും. പുസ്തകങ്ങളോട് അൽപ്പം ബഹുമാനം ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിൽ നവംബർ 20ന് വീണ്ടും വാദം കേൾക്കും. അതു വരെയും പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് നീക്കം ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ലൈബ്രറി പൊളിക്കുന്നതിൽ കോടതി സ്വമേധയായാണ് കേസെടുത്തിരിക്കുന്നത്. സെൻട്രൽ വിസ്റ്റ പ്ലാനിൽ ലൈബ്രറിക്കായി സ്ഥലം അനുവദിച്ചിട്ടില്ലെന്ന ആരോപണം ശക്തമാണ്. 4,144 സ്ക്വയർ മീറ്ററിൽ സ്ഥിതി ചെയ്യുന്ന ലൈബ്രറി പുതിയ പ്ലാൻ അനുസരിച്ച് 5200 സ്ക്വയർ മീറ്ററിലേക്ക് മാറ്റുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതു വരെയും വ്യക്തത വരുത്താൻ സർക്കാരിന് സാധിച്ചിട്ടില്ല.