എസ്ഐആർ; പഞ്ചാബിൽ വെട്ടിനീക്കപ്പെട്ടത് 13.6 ലക്ഷം വോട്ടർമാർ, അന്തിമപട്ടിക പുറത്തുവന്നു

എസ്‌ഐആറിന് മുൻപുണ്ടായിരുന്ന പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 13.6 ലക്ഷത്തിലധികം വോട്ടർമാരുടെ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു
SIR: 13.6 lakh voters removed in Punjab; final list released.

എസ്ഐആർ; പഞ്ചാബിൽ വെട്ടിനീക്കപ്പെട്ടത് 13.6 ലക്ഷം വോട്ടർമാർ, അന്തിമപട്ടിക പുറത്തുവന്നു

Updated on: 

ചണ്ഡീഗഢ്: പഞ്ചാബിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (എസ്‌ഐആർ) നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം സംസ്ഥാനത്ത് ആകെ 2,01,00,727 വോട്ടർമാരാണുള്ളത്. എസ്‌ഐആറിന് മുൻപുണ്ടായിരുന്ന പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 13.6 ലക്ഷത്തിലധികം വോട്ടർമാരുടെ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

എസ്‌ഐആറിന് മുൻപ് പഞ്ചാബിൽ 2,14,61,043 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ നിന്ന് 6.33 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, കണ്ടെത്താനാകാത്തവർ, ഒന്നിലധികം തവണ പേരുള്ളവർ എന്നിവരെ തിരിച്ചറിഞ്ഞ് വോട്ടർ പട്ടിക പരിഷ്‌കരിക്കുകയായിരുന്നു.

ഓഗസ്റ്റ് 13ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 1,93,94,435 പേരാണുണ്ടായിരുന്നത്. അന്തിമ പട്ടികയിൽ ഇത് 2.01 കോടിയായി ഉയർന്നു. കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 3.64 ശതമാനത്തിന്‍റെ വർധനയാണിത്. പുതുതായി 7,97,263 വോട്ടർമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയതായി പഞ്ചാബ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനിന്ദിത മിത്ര അറിയിച്ചു.

എസ്‌ഐആർ നടപടികൾക്കിടെ 35,49,036 പേർക്ക് നോട്ടീസ് നൽകിയിരുന്നു. വിശദമായ പരിശോധനയ്ക്കുശേഷം ഇവരിൽ 86,038 പേരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ അർഹരല്ലെന്ന് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. 2027ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടർപട്ടിക പരിഷ്‌കരിച്ചത്.

logo
Metro Vaartha
www.metrovaartha.com