

ഇന്ത്യാ സഖ്യത്തിന്‍റെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് നടന്ന മാർച്ച് (ഫയൽ ചിത്രം)
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ത്യാ സഖ്യത്തിലെ എംപിമാർക്കും സിവിൽ സൊസൈറ്റി, വിദ്യാർഥി സംഘടനാ പ്രതിനിധികൾക്കും ചൊവ്വാഴ്ച ചായ സൽക്കാരം ഒരുക്കും. ന്യൂഡൽഹിയിലെ 5, സുനെഹ്‌രി ബാഗ് റോഡിലുള്ള രാഹുൽ ഗാന്ധിയുടെ വസതിയിലാണ് പരിപാടി. ഇതോടനുബന്ധിച്ച് ഇന്ത്യാ സഖ്യ നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനമോ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ പ്രതിഷേധമോ ഉണ്ടായേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
എസ്ഐആർ വിഷയത്തിൽ സംയുക്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെടുന്നതിനുമുള്ള തന്ത്രങ്ങൾ ചായ സൽക്കാര പരിപാടിയിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. എസ്ഐആറുമായി ബന്ധപ്പെട്ട പ്രതിഷേധം സുപ്രീം കോടതിയിലേക്കും എത്തിയതിന് പിന്നാലെയാണ് പരിപാടി.
തിങ്കളാഴ്ച പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും സിവിൽ സൊസൈറ്റി പ്രതിനിധികളും ചേർന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച്' സംഘടിപ്പിച്ചിരുന്നു. കനത്ത ബാരിക്കേഡുകൾ സ്ഥാപിച്ച വഴിയിലൂടെയായിരുന്നു മാർച്ച്. എസ്‌ഐആറിനെതിരെയും തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ആരോപിച്ചും പ്രതിപക്ഷം സംയുക്ത ഹർജിയും സമർപ്പിച്ചു.
കൊണാട്ട് പ്ലേസിൽ പതാകകളും പോസ്റ്ററുകളുമായി വൻ ജനക്കൂട്ടമാണ് അണിനിരന്നത്. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സിപിഐ നേതാവ് ഡി. രാജ, സിപിഎം നേതാവ് എം.എ. ബേബി, ആർജെഡി നേതാവ് തേജസ്വി യാദവ്, എൻസിപി നേതാവ് സുപ്രിയ സുലെ, ഐസ ദേശീയ പ്രസിഡന്‍റ് നേഹ ബോറ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.
ഭഗവാൻ ദാസ് റോഡിൽ സ്ഥാപിച്ച ആദ്യ ബാരിക്കേഡ് പ്രതിഷേധക്കാർ മറികടന്നെങ്കിലും രണ്ടാമത്തെ ബാരിക്കേഡിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കൾ സുപ്രീം കോടതിയിൽ ഓൺലൈനായി ഹർജി സമർപ്പിച്ചു. വിഷയത്തിൽ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേരത്തേ നിരസിച്ചിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.