39 ലക്ഷം പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട ആറ് പേരടക്കം16 മാവോയിസ്റ്റുകൾ കീഴടങ്ങി

128 കേസുകളിൽ പ്രതിയായ സന്തോഷ് മഹ്തോ എന്ന മാവോയിസ്റ്റാണ് കീഴടങ്ങിയവരുടെ കൂട്ടത്തിലെ പ്രധാനി
16 Maoists surrendered in Jharkhand.

ജാർഖണ്ഡിൽ 16 മാവോയിസ്റ്റുകൾ കീഴടങ്ങി

Updated on

റാഞ്ചി: ജാർഖണ്ഡിൽ 16 മാവോയിസ്റ്റുകൾ പൊലീസിന് മുൻപിൽ കീഴടങ്ങി. തലയ്ക്ക് ആകെ 39 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ആറ് പേരും ഇക്കൂട്ടത്തിലുണ്ട്. ചൊവ്വാഴ്ചയാണ് ഇവർ കീഴടങ്ങിയത്.

128 കേസുകളിൽ പ്രതിയായ സന്തോഷ് മഹ്തോ എന്ന മാവോയിസ്റ്റാണ് കീഴടങ്ങിയവരുടെ കൂട്ടത്തിലെ പ്രധാനി. ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. സിആർപിഎഫിന്‍റെ കമാൻഡോ വിഭാഗമായ കോബ്ര ബറ്റാലിയനിലെ ഒരു ജവാന് പരുക്കേൽക്കാനിടയായ ഐഇഡി സ്ഫോടനത്തിലെ പ്രതി കൂടിയാണ് ഇയാൾ.

78 കേസുകളിൽ പ്രതിയായ ചന്ദൻ ലോറയാണ് മറ്റൊരാൾ. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. കീഴടങ്ങിയവരിൽ അഞ്ച് പേർ സ്ത്രീകളാണ്. റീജ്യണൽ, സോണൽ കമ്മിറ്റി അംഗങ്ങളിൽപ്പെട്ടവരാണ് കീഴടങ്ങിയവർ. ഇവരിൽ നിന്ന് രണ്ട് എകെ 47 റൈഫിളുകൾ, ആറ് ഇൻസാസ് റൈഫിളുകൾ, 38 മാഗസിനുകൾ, 1562 വെടിയുണ്ടകൾ എന്നിവയും പൊലീസിന് ലഭിച്ചു.

സംസ്ഥാന പൊലീസിന്‍റെ വലിയ വിജയമാണ് ഈ മാവോയിസ്റ്റുകളുടെ കീഴടങ്ങലെന്ന് ജാർഖണ്ഡ് പൊലീസ് മേധാവി തദാഷ മിശ്ര പറഞ്ഞു. 2026ൽ സംസ്ഥാനത്തൊട്ടാകെ നിന്ന് 93 മാവോയിസ്റ്റുകളാണ് ഇതുവരെ അറസ്റ്റിലായത്. 45 മാവോയിസ്റ്റുകൾ പൊലീസിൽ കീഴടങ്ങുകയും 22 പേർ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com