അതിർത്തി കാക്കാൻ ഇനി സ്മാർട്ട് ബോർഡർ പദ്ധതി

ഡ്രോണുകള്‍, റഡാറുകള്‍, തെര്‍മല്‍ ഇമേജറുകള്‍, സ്മാര്‍ട്ട് ക്യാമറകള്‍, സെന്‍സര്‍ അധിഷ്ഠിത നിരീക്ഷണം എന്നിവയുള്‍പ്പെടെ നിരവധി സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് തത്സമയം നിരീക്ഷിക്കുന്നതാണു പദ്ധതി.
Smart border project Amit Shah

അതിർത്തി നിരീക്ഷണത്തിന് അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തും.

Representative image

Updated on

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ അടുത്ത വര്‍ഷം ഇന്ത്യ ടെക്‌നോളജി അധിഷ്ഠിത 'സ്മാര്‍ട്ട് ബോര്‍ഡര്‍' പദ്ധതി നടപ്പിലാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നുഴഞ്ഞുകയറ്റം, അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത്, അനധികൃത കുടിയേറ്റം എന്നിവ തടയുന്നതിനുള്ള കേന്ദ്രത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി.

ന്യൂഡല്‍ഹിയില്‍ ബിഎസ്എഫ് സംഘടിപ്പിച്ച റുസ്തംജി സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു ഷാ. നൂതന നിരീക്ഷണ സംവിധാനങ്ങളും നിര്‍മിത ബുദ്ധിയുടെ പിന്തുണയുള്ള നിരീക്ഷണ ഉപകരണങ്ങളും ഉപയോഗിച്ച് പാക്കിസ്ഥാനുമായും ബംഗ്ലാദേശുമായും ഉള്ള ഏകദേശം 6,000 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി കരുത്തുറ്റതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു.

അതിര്‍ത്തിയിലെ ദുര്‍ബല പ്രദേശങ്ങള്‍ ഡ്രോണുകള്‍, റഡാറുകള്‍, തെര്‍മല്‍ ഇമേജറുകള്‍, സ്മാര്‍ട്ട് ക്യാമറകള്‍, സെന്‍സര്‍ അധിഷ്ഠിത നിരീക്ഷണം എന്നിവയുള്‍പ്പെടെ നിരവധി സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് തത്സമയം നിരീക്ഷിക്കുന്നതാണു സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി.

പുതിയ പദ്ധതിയുടെ വിശദമായ രൂപരേഖ സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും, നിർദിഷ്ട സ്മാർട്ട് ബോർഡർ സിസ്റ്റം ഇന്ത്യയുടെ നിലവിലുള്ള സമഗ്ര സംയോജിത അതിർത്തി മാനേജ്മെന്‍റ് സിസ്റ്റത്തെ (സിഐബിഎംഎസ്) അടിസ്ഥാനമാക്കി നിർമ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ തെരഞ്ഞെടുത്ത ഭാഗങ്ങളില്‍ ലേസര്‍ ബാരിയറുകള്‍, ഭൂഗര്‍ഭ സെന്‍സറുകള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററുകള്‍ എന്നിവ ഉപയോഗിച്ച് 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന സംവിധാനമാണ് സമഗ്ര സംയോജിത അതിര്‍ത്തി മാനേജ്‌മെന്‍റ് സിസ്റ്റം.

നുഴഞ്ഞുകയറ്റം, കള്ളക്കടത്ത് ശൃംഖലകള്‍, നിയമവിരുദ്ധ കുടിയേറ്റം, അതിര്‍ത്തി കടന്നുള്ള ഭീകരത എന്നിവ കാരണം പാക്കിസ്ഥാനുമായും ബംഗ്ലാദേശുമായും ഉള്ള ഇന്ത്യയുടെ അതിര്‍ത്തികള്‍ എപ്പോഴും ജാഗ്രതയിലാണ്. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെ ആയുധങ്ങള്‍, മയക്കുമരുന്നുകള്‍, പണം എന്നിവ കൊണ്ടുപോകുന്നതിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com