

ഫോട്ടോയും ക്യുആർ കോഡുമുള്ള സ്മാർട് കാർഡ്; സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കൊരുങ്ങി ബംഗാൾ
കോൽക്കത്ത: സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കാൻ ഒരുങ്ങി പശ്ചിമ ബംഗാൾ സർക്കാർ. ജൂൺ 1 മുതൽ പദ്ധതി നടപ്പിലാക്കും. മേയ് 21നാണ് ഗതാഗത വകുപ്പ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഹ്രസ്വ, ദീർഘ ദൂര യാത്രകളെല്ലാം സൗജന്യമായിരിക്കും. സൗജന്യ യാത്ര ഉറപ്പാക്കുന്നതിനായി ബിഡിഒ എസ്ഡിഒ ഓഫിസുകൾ വഴി അപേക്ഷ നൽകേണ്ടതുണ്ട്.
ആധാർ കാർഡ്, തൊഴിലുറപ്പു കാർഡ്, വോട്ടർ കാർഡ്, ആയുഷ്മാൻ ഭാരത് ആരോഗ്യ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട്, ഫോട്ടോ പതിപ്പിച്ച പെൻഷൻ രേഖകൾ, എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ഉപയോക്താക്കൾക്ക് ക്യുആർ കോഡും ഫോട്ടോയും മറ്റു വിശദാംശങ്ങളും ഉൾപ്പെടുത്തിയ സ്മാർട് കാർഡ് ലഭിക്കും. ഈ കാർഡ് ഉള്ളവർക്ക് സൗജന്യ യാത്ര ലഭ്യമാകും.
കാർഡ് ലഭ്യമാകാൻ വൈകിയാൽ ഫോട്ടോ ഉൾപ്പെടുത്തിയ തിരിച്ചറിയൽ രേഖകൾ കാണിച്ചും സൗജന്യ യാത്ര ലഭ്യമാക്കും. രേഖകൾ പരിശോധിച്ച ശേഷം കണ്ടക്റ്റർ സീറോ വാല്യു ടിക്കറ്റുകൾ നൽകും.