

സിക്കിമിലെ നാഥുലയിൽ കുടുങ്ങി സഞ്ചാരികൾ; രക്ഷകരായി ഇന്ത്യൻ ആർമി
ഗാങ്ടോക്ക്: സിക്കിമിലെ നാഥുല മേഖലയിൽ കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് കുടുങ്ങിയ 900ത്തിലധികം വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും രക്ഷപ്പെടുത്തി ഇന്ത്യൻ കരസേന. കിഴക്കൻ സിക്കിമിലെ നാഥുല, ബാബാ മന്ദിർ, സോംഗോ തടാകം എന്നിവിടങ്ങളിൽ കുടുങ്ങിയവരെയാണ് കരസേനയുടെ ത്രിശക്തി കോർ രക്ഷപ്പെടുത്തിയത്.
പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ചായിരുന്നു രക്ഷാപ്രവർത്തനം. വ്യാഴാഴ്ചയാണ് മഞ്ഞ് വീഴ്ചയെ തുടർന്ന് സഞ്ചാരികളും പ്രദേശവാസികളും ഉയർന്ന പ്രദേശങ്ങളിൽ അകപ്പെട്ടത്. തുടർന്ന് കരസേന രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.
ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് നാഥുല. 1968ൽ ഡ്യൂട്ടിക്കിടെ മരിച്ച ക്യാപ്റ്റൻ ഹർഭജൻ സിങ്ങിന്‍റെ ആത്മാവ് അതിർത്തിയുടെ സംരക്ഷണത്തിനായി നിലകൊള്ളുന്നുവെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്ന പുണ്യസ്ഥലമാണ് ബാബാ മന്ദിർ. ഉയർന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഹിമാനി തടാകമാണ് സോംഗോ. നിരവധി വിനോദസഞ്ചാരികളാണ് ഇവ സന്ദർശിക്കാൻ ഇവിടെ എത്താറുള്ളത്.