
വീരചരമം വരിച്ച സൈനികന്‍റെ സഹോദരിയെ വിവാഹവേദിയിലേക്ക് അനുഗമിച്ച് സൈനികർ
വീരമൃത്യു വരിച്ച സൈനികന്‍റെ സഹോദരിയുടെ വിവാഹദിനത്തിൽ സഹോദരന്‍റെ സ്ഥാനത്തെത്തി ഇന്ത്യൻ സൈനികർ. ഹിമാചൽ പ്രദേശിലെ സിർമോർ ജില്ലയിലാണ് വൈകാരികമായ നിമിഷങ്ങൾ അരങ്ങേറിയത്. ഇന്ത്യക്കു വേണ്ടി ജീവൻ ത്യജിച്ച 19 ഗ്രനേഡിയേഴ്സ് ബറ്റാലിയനിലെ സൈനികൻ ആശിഷ് കുമാറിന്‍റെ സഹോദരി ആരാധനയുടെ വിവാഹമാണ് സൈനികർ അവിസ്മരണീയമാക്കിയത്. 2024 ഓഗസ്റ്റ് 27ന് അരുണാചൽ പ്രദേശിലെ ഓപ്പറേഷൻ അലേർട്ടിനിടെയാണ് ആശിഷ് കുമാർ വീരചരമമടഞ്ഞത്.
വിവാഹദിനത്തിൽ സഹോദരൻ തനിക്കൊപ്പമില്ലെന്ന ചിന്തകളെ തുടച്ചു മാറ്റിക്കൊണ്ടാണ് ആശിഷിന്‍റെ സഹപ്രവർത്തകരായ സൈനികർ യൂണിഫോമിൽ വിവാഹവേദിയിലെത്തിയത്. ആരാധനയെ വിവാഹവേദിയിലേക്ക് സൈനികർ അനുഗമിച്ചത് കൂപ്പിയ കൈകളോടെയാണ് വിവാഹവേദിയിലെത്തിയവർ കണ്ടു നിന്നത്. എന്‍റെ സഹോദരൻ എന്‍റെ അരികിൽ നിൽക്കുന്നതു പോലെയാണ് തനിക്ക് തോന്നിയതെന്ന് നിറഞ്ഞ മിഴികളോടെ ആരാധന പറയുന്നു.
ഇവർ അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ മാത്രമല്ല, എന്‍റെ സഹോദരന്മാർ കൂടിയാണെന്നും ആരാധന പറഞ്ഞു. ആശിഷിന്‍റെ ശരീരം മാത്രമേ വിട്ടു പിരിഞ്ഞിട്ടുള്ളൂ , അദ്ദേഹത്തിന്‍റെ ആത്മാവ് എന്നും ഒപ്പമുണ്ടെന്ന് ഹവിൽദാർ രാകേഷ് കുമാർ പറയുന്നു. സഹോദരന്‍റെ കടമകളാണ് ഞങ്ങൾ പൂർത്തിയാക്കിയത്. ഇന്ന് മാത്രമല്ല എല്ലായ്പ്പോഴും ആ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും സൈനികർ ഉറപ്പു പറയുന്നു.