‘ടോക്സിക്’ പ്രീ-റിലീസ് പരിപാടിക്കിടെ സൗണ്ട് സിസ്റ്റം തകർന്നുവീണു; രണ്ട് പേർക്ക് പരുക്ക്

യഷ് വേദിയിൽ സംസാരിക്കുന്നതിനിടെയാണ് സൗണ്ട്, ലൈറ്റിങ് സംവിധാനത്തിന്‍റെ ഒരു ഭാഗം തകർന്നുവീണത്

Sound system collapsed during the ‘Toxic’ pre-release event.

‘ടോക്സിക്’ പ്രീ-റിലീസ് പരിപാടിക്കിടെ സൗണ്ട് സിസ്റ്റം തകർന്നുവീണു

Updated on

ഹൈദരാബാദ്: യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിന്‍റെ പ്രീ-റിലീസ് പരിപാടിക്കിടെ സൗണ്ട്, ലൈറ്റിങ് സംവിധാനത്തിന്‍റെ ഭാഗം തകർന്നുവീണ് രണ്ട് പേർക്ക് പരുക്ക്. ഹൈദരാബാദിലെ മല്ല റെഡ്ഡി സർവകലാശാലയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം.

യഷിനെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് പരിപാടിയിൽ എത്തിയത്. വൻ ജനക്കൂട്ടത്തെ തുടർന്ന് ആളുകളോട് പിന്നിലേക്ക് മാറാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ചിലർ വേദിക്ക് സമീപത്തേക്ക് എത്തുകയും സൗണ്ട് സിസ്റ്റത്തിന്‍റെ മുകളിൽ കയറുകയും ചെയ്തിരുന്നു. യഷ് വേദിയിൽ സംസാരിക്കുന്നതിനിടെയാണ് സൗണ്ട്, ലൈറ്റിങ് സംവിധാനത്തിന്‍റെ ഒരു ഭാഗം തകർന്നുവീണത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യാഷ് പ്രസംഗം നിർത്തി. സംഘാടകർ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രസംഗം പുനരാരംഭിച്ചത്. പരുക്കേറ്റ രണ്ട് പേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമായ ‘ടോക്സിക്’ ഓഗസ്റ്റ് 26ന് തിയറ്ററുകളിലെത്തും. കന്നഡ, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com