
കോൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച ബർധ്മാനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ദുർഗാപുർ എക്സ്പ്രസ്‌വേയിൽ സഞ്ചരിച്ചിക്കുകയായിരുന്ന ഗാംഗുലിയുടെ വാഹനത്തിനു മുന്നിലുണ്ടായിരുന്ന ലോറി അപ്രതീക്ഷിതമായി ബ്രേക്കിട്ടതാണ് അപടകടത്തിനു കാരണമായത്. ലോറിക്കു പിന്നിൽ ഇടിക്കാതിരിക്കാൻ ഗാംഗുലി സഞ്ചരിച്ചിരുന്ന കാർ സഡൻ ബ്രേക്കിട്ടതോടെ പിന്നാലെ എത്തിയ മറ്റു വാഹനങ്ങൾ ഇടിച്ചുകയറുകയായിരുന്നു. വാഹനങ്ങൾ മിതമായ വേഗത്തിലായിരുന്നതിനാൽ ആർക്കും പരിക്കില്ല.
അതേസമയം, വാഹനവ്യൂഹത്തിലെ രണ്ട് കാറുകൾക്ക് നേരിയ കേടുപാടുകളുണ്ട്. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം യാത്ര തടസപ്പെട്ടുവെങ്കിലും പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.
അപകടത്തിൽ ആർക്കും പരുക്കില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വ്യാഴാഴ്ച ബർധ്മാൻ സർവകലാശാലയിലെ പരിപാടിയിലും ബർധ്മാൻ സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലും ഗാംഗുലി പങ്കെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു