

എം.കെ. സ്റ്റാലിൻ, ജോസഫ് വിജയ്
കോയമ്പത്തൂർ: ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ടിവികെ സ്ഥാനാർഥി പി. സത്യഭാമയെ പരിഹസിച്ചു കൊണ്ട് എം.കെ. സ്റ്റാലിൻ നടത്തിയ പരാമർശത്തെ രൂക്ഷമായി അപലപിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന ധാരാപുരത്തെ ടിവികെ സ്ഥാനാർഥിയാണ് സത്യഭാമ. ഡിഎംകെയുടെ പ്രചാരണത്തിനെത്തിയപ്പോഴാണ് സ്റ്റാലിൻ വിവാദ പ്രസ്താവന നടത്തിയത്. മുൻപ് എഐഎഡിഎംകെയിൽ ആയിരുന്ന സത്യഭാമ പിന്നീട് ടിവികെയിൽ ചേർന്നതിനെയാണ് സ്റ്റാലിൻ പണത്തിനു വേണ്ടി മലക്കം മറിഞ്ഞുവെന്ന അർഥത്തിൽ പരിഹസിച്ചത്.
അവർക്ക് സ്യൂട്ട്കേസ് ഭാമയെന്നും സോമർസോൾട്ട് ഭാമ എന്നും പേരുണ്ടെന്നും ഈ ശരീരം വച്ച് അവർ എങ്ങനെയാണ് മലക്കം മറിഞ്ഞതെന്ന് മനസിലാകുന്നില്ല എന്നുമാണ് സ്റ്റാലിൻ പറഞ്ഞത്. പരാമർശത്തിനെതിരേ അതിരൂക്ഷമായാണ് വിജയ് പ്രതികരിച്ചത്.
ബോഡിഷെയിമിങ്ങിലൂടെയും മോശം പരാമർശങ്ങളിലൂടെയും സന്തോഷം കണ്ടെത്തുകയാണ് സ്റ്റാലിനെന്നും ഡിഎംകെ ജനാധിപത്യ വിരുദ്ധ പാർട്ടിയാണെന്നും വിജയ് ആരോപിച്ചു. ഡിഎംകെയുടെ ഡിഎൻഎയിൽ അശ്ലീലവും വിദ്വേഷവും കലർന്നിട്ടുണ്ടെന്ന് തമിഴ്നാട്ടിലെ ജനങ്ങൾക്ക് അറിയാം എന്നും വിജയ് പറഞ്ഞു. സ്ത്രീകളെ അവരുടെ സാന്നിധ്യത്തിൽ വച്ചു പോലും അശ്ലീലം പറയുന്നു, ധാരാപുരത്തെ ജനങ്ങൾ അതൊന്നും അനുവദിച്ച് നൽകില്ല. തമിഴ്നാട്ടിലെ സ്ത്രീകളുടെ മകൻ എന്ന നിലയിൽ, സഹോദരനെന്ന നിലയിൽ ഡിഎംകെ തുടർച്ചയായി സ്ത്രീകൾക്കെതിരേ നടത്തുന്ന അപവാദപ്രചരണത്തിനെ അപലപിക്കുന്നുവെന്നും വിജയ് എക്സിൽ കുറിച്ചു.